25/07/2026
[fontresizer_tawhidurrahmandear_widget]

മഴക്കാലത്ത് ജലം വാർന്നുണ്ടായ വിള്ളലിൽ ടയർ കഷണം തിരുകി; ദേശീയപാത ബൈപാസിന്റെ സംരക്ഷണ ഭിത്തി നട്ടും ബോൾട്ടും ഘടിപ്പിച്ച് ഉറപ്പിച്ച നിലയിൽ

 മഴക്കാലത്ത് ജലം വാർന്നുണ്ടായ വിള്ളലിൽ ടയർ കഷണം തിരുകി; ദേശീയപാത ബൈപാസിന്റെ സംരക്ഷണ ഭിത്തി നട്ടും ബോൾട്ടും ഘടിപ്പിച്ച് ഉറപ്പിച്ച നിലയിൽ

വിഴിഞ്ഞം: ദേശീയപാത 66ന്റെ ഭാഗമായ വിഴിഞ്ഞം ബൈപാസിൽ പയറുമൂട് മുതൽ വേങ്ങപ്പൊറ്റ വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ സംരക്ഷണ ഭിത്തികൾ താൽക്കാലികമായി നട്ടും ബോൾട്ടും ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. കോൺക്രീറ്റ് പാനലുകൾ ഉപയോഗിച്ച് നിർമ്മിച്ച വിടവുകളുള്ള സംരക്ഷണ ഭിത്തികളിലാണ് ഇരുമ്പ് പ്ലേറ്റുകളും ഇളകിപ്പോകാതിരിക്കാൻ ടയർ കഷണങ്ങളും വച്ച് നട്ടും ബോൾട്ടും ഉപയോഗിച്ച് ഉറപ്പിച്ചിരിക്കുന്നത്.

മഴക്കാലത്ത് വൻതോതിൽ വെള്ളം ഒഴുകിയെത്തുന്ന ഈ പ്രദേശത്ത് റോഡിന്റെ വശങ്ങളിലുള്ള മണ്ണൊലിപ്പും പാർശ്വഭിത്തികളുടെ അപകടനിലയും യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ കോൺക്രീറ്റ് ചെയ്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് പകരം ഇത്തരത്തിൽ താൽക്കാലിക പരിഹാരങ്ങൾ നടപ്പാക്കിയതിനെതിരെ പ്രദേശവാസികളും യാത്രക്കാരും പ്രതിഷേധം ഉയർത്തുന്നു.

അപകടസാധ്യതയേറിയ ഈ ഭാഗങ്ങളിൽ വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതിന് മുൻപ് സുരക്ഷിതമായ രീതിയിൽ പുനർനിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കോൺക്രീറ്റ് ഉറപ്പില്ലാതെ നട്ടും ബോൾട്ടും കൊണ്ട് മാത്രം നിർമ്മിച്ചിരിക്കുന്ന ഈ ഭാഗം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാമെന്ന അവസ്ഥയിലാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.

എന്നാൽ ഈ ഭാഗത്ത് അപകട സാഹചര്യമില്ലെന്ന് ദേശീയപാത അതോറി അധികൃതർ പറഞ്ഞു. ഐഐടിയുടെ നിർദേശാനുസരണം ഉള്ള രൂപകൽപനയാണ് ഇതെന്നും തകർച്ച ഭീഷണി ഇല്ല എന്നുമാണ് അധികൃതരുടെ വിശദീകരണം.

Also read: