‘ഈ രാജി ഒരുപാട് സൂചനകൾ നൽകുന്നു, എല്ലാ കാലവും വിഭാഗീതയും, വർഗീയതയും പറഞ്ഞ് പോകാമെന്ന ബിജെപിയുടെ ആശക്ക് ഇനി ആയുസ്സില്ല’; മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: രാജ്യവ്യാപകമായി ആഞ്ഞടിച്ച സി.ജെ.പി പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ യുവതയുടെ വലിയ വിജയമാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അന്യായങ്ങൾക്കെതിരെ ശബ്ദമുയർത്താൻ കെൽപ്പുള്ള ഒരു പുതിയ തലമുറ രാജ്യത്ത് വളർന്നുവരുന്നുണ്ടെന്ന് ഈ പ്രതിഷേധം അടിവരയിടുന്നു. വർഗീയതയല്ല, മറിച്ച് ജനാധിപത്യവും മതേതരത്വവും ഭരണഘടനയുമാണ് ഇന്ത്യൻ ജനതയ്ക്ക് എക്കാലത്തും പ്രിയപ്പെട്ടതെന്ന് ഇതിലൂടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗീയതയും വർഗീയതയും മാത്രം പറഞ്ഞ് എക്കാലവും ഭരണം മുന്നോട്ടുകൊണ്ടുപോകാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണ്. അതിന് ഇനി ആയുസ്സില്ലെന്നും ജനങ്ങൾക്ക് മുന്നിൽ ഇത്തരം തന്ത്രങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് മുന്നിൽ ഗത്യന്തരമില്ലാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത് ഇതിനൊരു വലിയ ഉദാഹരണമാണ്.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന വ്യാപക ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ഡൽഹി ജന്തർ മന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്നുവന്ന അതിശക്തമായ പ്രതിഷേധമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ കടുത്ത നിലപാടുകൾക്കും നിരന്തരമായ ജനകീയ സമ്മർദ്ദങ്ങൾക്കും മുന്നിൽ പിടിച്ചുനിൽക്കാനാവാതെയാണ് ധർമേന്ദ്ര പ്രധാൻ ഒടുവിൽ രാജിവെച്ചൊഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.