‘എന്റെ പാട്ട് അക്രമത്തിന്റെ ആയുധമാക്കരുത്’; ഇറാനെതിരെയുള്ള ആക്രമണ ദൃശ്യങ്ങളിൽ തന്‍റെ ഗാനം ഉപയോഗിച്ചതിൽ ആഞ്ഞടിച്ച് പോപ് ഗായിക
കാത്തി പെരി, ഡൊണൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തന്റെ പ്രശസ്തമായ ഗാനം ഉപയോഗിച്ച വൈറ്റ് ഹൗസിന്റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി പ്രമുഖ പോപ് ഗായിക കാത്തി പെരി. തന്റെ ഹിറ്റ് ഗാനമായ ‘ഫയർവർക്ക്’ സോഷ്യൽ മീഡിയ വീഡിയോയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് താരം ശക്തമായി അപലപിച്ച് രംഗത്തെത്തിയത്.
“ഇത് ഞാൻ അംഗീകരിക്കില്ല, എനിക്ക് വളരെ ദേഷ്യമുണ്ട്, എന്നോട് ആരും ചോദിച്ചില്ല, ഞാൻ ഇത് ഒരിക്കലും ക്ഷമിക്കില്ല. നാശത്തിന്റെയും അക്രമത്തിൻ്റെയും ആയുധമായി എൻ്റെ ഗാനത്തെ മാറ്റുന്നത് അംഗീകരിക്കില്ല” എന്ന് കാത്തി എക്സിൽ കുറിച്ചു.
‘ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്’ എന്ന അടിക്കുറിപ്പോടെ വൈറ്റ് ഹൗസ് ടിക് ടോക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ പാട്ട് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചത്. 2023-ൽ ലിറ്റ്‌മസ് മ്യൂസിക്കിന് 225 മില്യൺ ഡോളറിനാണ് കാത്തി പെരി തന്റെ അഞ്ച് പാട്ടുകളടങ്ങുന്ന ആൽബത്തിന്റെ പകർപ്പവകാശം വിറ്റത്. ഇതിൽ ‘ഫയർവർക്ക്’ എന്ന ഗാനവും ഉൾപ്പെട്ടിരുന്നു.
തന്റെ രാഷ്ട്രീയ നിലപാടുകൾ എപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള കലാകാരി കൂടിയാണ് കാത്തി പെരി. 2016-ൽ ഹിലരി ക്ലിന്റനെയും 2020-ൽ ജോ ബൈഡനെയും 2026-ൽ കമലാ ഹാരിസിനെയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പിന്തുണച്ച് താരം രംഗത്തെത്തിയിരുന്നു. അതേസമയം, ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ ട്രംപ് ഭരണകൂടം അമേരിക്കയിലെ കലാകാരന്മാരുടെ ഗാനങ്ങൾ അവരുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. തങ്ങളുടെ കലാസൃഷ്ടികൾ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതിനെതിരെ മുൻപും നിരവധി പ്രമുഖ താരങ്ങൾ ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരുന്നു.