ആലപ്പുഴയിൽ സിപിഎം ക്രിമിനലുകളുമായുള്ള കൂട്ട്‌കെട്ട് കോൺഗ്രസ് അവസാനിപ്പിക്കണം; ചെന്നിത്തലയെ വേദിയിലിരുത്തി ജി. സുധാകരന്റെ വിമർശനം
ആലപ്പുഴ: ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി വിമർശിച്ച് ജി. സുധാകരൻ എംഎൽഎ. ചെന്നിത്തലയുടെ പാർട്ടിക്ക് സിപിഎം ക്രമിനലുകളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഖാദി ബോർഡിന്റെ പരിപാടിക്കിടെയാണ് സുധാകരൻ ഈ രൂക്ഷവിമർശനം ഉന്നയിച്ചത്. ആലപ്പുഴ നഗരസഭയിലെ സ്വീകരണ പരിപാടിയിൽ തനിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടായിട്ടും വിവരം മുൻകൂട്ടി അറിയിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ആലപ്പുഴ നഗരസഭയിൽ, വിജയിച്ച ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ പരിപാടിയിൽ എൽഡിഎഫ് പ്രതിഷേധത്തിന് സാധ്യതയുണ്ടായിരുന്നു. ഇതറിഞ്ഞ് സുധാകരൻ പങ്കെടുത്തിരുന്നില്ല. അതേസമയം, ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും അത് പ്രാദേശികമായ വിഷയമാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ജി. സുധാകരൻ പോകുന്നിടത്തെല്ലാം അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് സിപിഎം പിന്മാറണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ജനപ്രതിനിധിയായ സുധാകരനോട് സിപിഎം കൂടുതൽ സഹിഷ്ണുത കാണിക്കണമെന്നും അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കുകയുണ്ടായി.