27/07/2026
[fontresizer_tawhidurrahmandear_widget]

‘എനിക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനായില്ല’; നീറ്റില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാർത്ഥിനി ജീവനൊടുക്കി

 ‘എനിക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനായില്ല’; നീറ്റില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാർത്ഥിനി ജീവനൊടുക്കി

അഹല്യാനഗർ: നീറ്റ് പ്രവേശന പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ വിദ്യാർത്ഥിനി ജീവനൊടുക്കി. ജലാൽപൂർ ഗ്രാമവാസിയായ അങ്കിത സാബ്ലെയാണ് മരിച്ചത്. പരീക്ഷയിൽ 166 മാർക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചിരുന്നത്. ഇതിനെത്തുടർന്ന് കുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അങ്കിതയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മറാഠിയിലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്റെ കുടുംബം തനിക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചുവെന്നും എന്നാൽ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ തനിക്ക് സാധിച്ചില്ലെന്നും കുറിപ്പിൽ പറയുന്നു. കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റാൻ കഴിയാതെ താൻ പരാജയപ്പെട്ടുവെന്നും അങ്കിത കുറിച്ചു. അമ്മയെയും അച്ഛനെയും നന്നായി നോക്കണമെന്നും അവർക്ക് യാതൊരു കുറവുകളും വരുത്തരുതെന്നും സഹോദരനോട് കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

‘നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് പകരമായി നിങ്ങളുടെ ഒരു ആഗ്രഹം പോലും സാധിച്ചുനൽകാൻ എനിക്ക് കഴിഞ്ഞില്ല. അമ്മേ, എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒരു സുഹൃത്തിനെപ്പോലെ നിങ്ങൾ എന്നെ പിന്തുണച്ചു. ദാദാ, നീയും എന്നെ ഒരുപാട് സഹായിച്ചു. അമ്മയേക്കാളും അച്ഛനേക്കാളും നീ എന്നെ സ്നേഹിച്ചു. എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല’- അങ്കിതയുടെ കുറിപ്പിൽ പറയുന്നു.

സംഭവത്തിൽ അഹല്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: