‘അറപ്പ് തോന്നുന്നു, ഇത് വിദ്വേഷ പ്രസംഗത്തിൻ്റെ ഏറ്റവും ഭീകരമായ രൂപം’; ടി.ജി മോഹൻദാസിനെതിരെ അഞ്ജലി മേനോൻ
ഡൽഹി ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ. വിദ്വേഷ പ്രസംഗത്തിൻ്റെ ഏറ്റവും ഭീകരമായ രൂപമാണിതെന്നും തികഞ്ഞ അറപ്പ് തോന്നുന്നുവെന്നും ഇൻസ്റ്റാഗ്രാം കുറപ്പിലൂടെ അവർ വ്യക്തമാക്കി.
വൃത്തികെട്ട ഇത്തരം വിദ്വേഷ പ്രചരണങ്ങളെ അവഗണിക്കരുതെന്നും ചോദ്യം ചെയ്യുകയും അപലപിക്കുകയും വേണമെന്നും അഞ്ജലി മേനോൻ പറഞ്ഞു. ഇത് കോപവും അറപ്പും ഉണ്ടാക്കുന്നുണ്ടെങ്കിലും എതിർക്കപ്പെടേണ്ടതുണ്ട്. പരാമർശം നടത്തിയ വ്യക്തിക്കും അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പങ്കുവെച്ചവർക്കും പിന്തുണച്ചവർക്കും ഇതിൻ്റെ ഉത്തരവാദിത്തമുണ്ടെന്നും, ഇത്തരമൊരു ഭാവി സൃഷ്ടിക്കാൻ ശ്രമിക്കുന്ന ‘മാനോസ്ഫിയർ’ ചിന്താഗതിയാണിതെന്നും അവർ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ച ശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നും, അതിലൂടെ ആളുകൾ മരിക്കുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്യുമെന്നുമായിരുന്നു മോഹൻദാസിൻ്റെ പരാമർശം. കൂടാതെ ഡൽഹിയിൽ കൂട്ടബലാത്സംഗം നടക്കുമെന്നും, ഇടതുപക്ഷ-മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകളും പെൺകുട്ടികളും അത് ഇഷ്ടപ്പെടുന്നവരാണെന്നും ഉള്ള മോഹൻദാസിൻ്റെ പ്രസ്താവനയും വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ടി.ജി മോഹൻദാസിനെതിരെ കേസെടുത്തിട്ടുണ്ട്.