‘മോദി ഒരു മികച്ച ഇൻഫ്ലുവൻസർ, പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ’; പരിഹസിച്ച് അഭിജീത് ദീപ്കെ
മുംബൈ: നീറ്റ് യു.ജി 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള നടപടികൾ കേന്ദ്രസർക്കാർ ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഭീകരരല്ല, രാജ്യത്തിന്റെ ഭാവിയാണെന്നും അവരുടെ പ്രതിഷേധത്തെ അടിച്ചമർത്താനാണ് ശ്രമമെങ്കിൽ കടുത്ത രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ന്യൂഡൽഹിയിൽ 36 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിന് ശേഷം സ്വന്തം നാടായ ഛത്രപതി സംഭാജിനഗറിലെത്തിയ അഭിജീത് ദീപ്കെയ്ക്ക് പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ജൂലൈ 20ന് വിദ്യാർഥികളുടെ രക്തം തെരുവുകളിൽ വീണു. അതുകൊണ്ടും തീർന്നില്ല, ഇപ്പോഴും പല സംസ്ഥാനങ്ങളിലും പൊലീസ് വിദ്യാർഥികളുടെ വീടുകളിലെത്തി അറസ്റ്റ് ഭീഷണി മുഴക്കുകയാണ്. വിദ്യാർഥികളെ കുറ്റവാളികളെയോ ഭീകരരെയോ പോലെ കാണരുത്. ഇവർ രാജ്യത്തിൻ്റെ ഭാവിയാണ്. രാജ്യത്തിന്റെ ഭാവിയെ ഇങ്ങനെ വേട്ടയാടിയാൽ അത് ജനാധിപത്യത്തിന് നല്ലതല്ല. ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടിവന്നതുപോലെ, സർക്കാർ ഇനിയും തിരുത്തിയില്ലെങ്കിൽ നാളെ യുവാക്കൾ തന്നെ സർക്കാരിനെ മാറ്റും’ എന്ന് അഭിജീത് ദീപ്കെ പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രതിഷേധശേഷിയെ ഭരണകൂടം നിസ്സാരമായി കാണരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം ഇൻഫ്ലുവൻസറാകുന്നതാണ് കൂടുതൽ അനുയോജ്യമെന്ന് അഭിജീത് ദീപ്കെ പരിഹസിച്ചു. ‘ഞാൻ അദ്ദേഹത്തിന്റെ വീഡിയോകൾ പതിവായി കാണാറുണ്ട്. ഒരു ഇൻഫ്ലുവൻസർ എന്ന നിലയിൽ അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഒരുപക്ഷേ അദ്ദേഹം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ മറ്റാരെങ്കിലും കൈകാര്യം ചെയ്യാൻ അനുവദിക്കുകയും വേണം’ അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥി സമരത്തെ വിമർശിച്ച നടിയും എം.പിയുമായ കങ്കണ റണാവത്തിന് ശക്തമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയത്; ‘ഒരു ഗൗരവമുള്ള രാഷ്ട്രീയക്കാരന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നെ അറിയിക്കൂ. പാർട്ട് ടൈം രാഷ്ട്രീയക്കാരെക്കുറിച്ച് ഞാൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല’ എന്ന് അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പൂർണ്ണമായും പിൻവലിക്കണമെന്നും, പോലീസ് പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. ജന്തർ മന്തറിലെ സമരത്തിനിടെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ഉത്തരവിട്ടവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണം. വിദ്യാഭ്യാസ മന്ത്രി മാറിയതുകൊണ്ട് മാത്രം സമരം അവസാനിച്ചുവെന്ന് സർക്കാർ കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിച്ചില്ലെങ്കിൽ കർഷകരെയും യുവജന സംഘടനകളെയും കൂടി ഉൾപ്പെടുത്തി വരുംദിവസങ്ങളിൽ രാജ്യവ്യാപകമായി കൂടുതൽ ശക്തമായ ജനകീയ മുന്നണി രൂപീകരിച്ച് പ്രക്ഷോഭം തുടരുമെന്നും സി.ജെ.പി വ്യക്തമാക്കി.