മോദിയുടെ വ്യാജ എഐ വീഡിയോ സോഷ്യൽ മീഡിയയിൽ; മെറ്റാ ഇന്ത്യ തലവനെതിരെ കേസ്
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഐ നിർമിത വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസിനും മറ്റ് നിരവധി ഉപയോക്താക്കൾക്കുമെതിരെ ഹൈദരാബാദ് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ സമരം നടക്കുമ്പോഴാണ് പ്രധാനമന്ത്രിക്കെതിരെയുള്ള വ്യാജ വീഡിയോകൾ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിലൂടെ വ്യാപകമായി പ്രചരിച്ചത്. ഇവ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. വ്യാജ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ നേരത്തെ മെറ്റാ മേധാവികളെ വിളിച്ചുവരുത്തുകയും തുടർന്ന് കമ്പനി പ്രതിനിധി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തത്.
അതിനിടെ, പ്രധാനമന്ത്രിക്കെതിരെ മോശം ഭാഷ ഉപയോഗിക്കുകയും പൊതുസമാധാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതിന് നോയിഡ സ്വദേശിയായ രുചിക സിങ്ങിനെതിരെയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സമാനമായി മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേരളത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.