ഹമാസിന്റെ പുതിയ തലവനുമായി തുർക്കി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി; ഫലസ്തീന് പൂർണ പിന്തുണ തുടരുമെന്ന് പ്രഖ്യാപനം
അങ്കാറ: ഹമാസിന്റെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ട ഖലീൽ അൽ ഹയ്യയുമായി തുർക്കി വിദേശകാര്യ മന്ത്രി ഹഖാൻ ഫിദാൻ അങ്കാറയിൽ കൂടിക്കാഴ്ച നടത്തി. ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ, മേഖലയിലെ സുരക്ഷ, നയതന്ത്ര ശ്രമങ്ങൾ എന്നിവയാണ് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായത്. ഹമാസ് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ട അൽ ഹയ്യയെ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.
ഇസ്രയേൽ സർക്കാർ നടത്തുന്ന അനധികൃത കുടിയേറ്റ വിപുലീകരണവും ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾക്ക് നേരെയുള്ള നടപടികളും ശക്തമായിട്ടുണ്ടെന്ന് അൽ ഹയ്യ വ്യക്തമാക്കി. സമാധാന ചർച്ചകളിലെ നിലപാടുകളും ഫലസ്തീൻ ദേശീയ ഐക്യശ്രമങ്ങളുടെ പുരോഗതിയും അദ്ദേഹം തുർക്കി വിദേശകാര്യ മന്ത്രിയെ ധരിപ്പിച്ചു.
ഫലസ്തീൻ ജനതയ്ക്ക് തുർക്കി നൽകിവരുന്ന നയതന്ത്ര, രാഷ്ട്രീയ, മാനുഷിക പിന്തുണകൾ തുടരുമെന്ന് ഹഖാൻ ഫിദാൻ ഉറപ്പുനൽകി. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സാഹചര്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ അവബോധം വളർത്താനും അന്താരാഷ്ട്ര വേദികളിൽ ഫലസ്തീനായി ശബ്ദമുയർത്താനും തുർക്കി മുന്നിലുണ്ടാകും.
ഗസ്സയിലേക്കുള്ള സഹായ വിതരണം വിപുലീകരിക്കാനും ശാശ്വത സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങളിൽ സജീവ പങ്കാളിയാകാനും തുർക്കി സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. മേഖലയിലെ സമാധാന ശ്രമങ്ങളിൽ ഹമാസ് വഹിക്കുന്ന പങ്കിനെ വിദേശകാര്യ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു.