‘സഹായത്തിനായുള്ള ഓരോ വിളിയും കേൾക്കണം, സ്ത്രീധനപീഡന ഇരകളോട് വിട്ടുവീഴ്ചയ്ക്ക് ഉപദേശിക്കരുത്’- അലഹബാദ് ഹൈക്കോടതി
ലഖ്‌നൗ: സ്ത്രീധന പീഡനത്തിന് ഇരയാകുന്ന സ്ത്രീകളോട് വിട്ടുവീഴ്ച ചെയ്യാനും ദാമ്പത്യബന്ധത്തിൽ തുടരാനും ഉപദേശിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം ഉപദേശങ്ങൾ കുറ്റവാളികൾക്ക് പ്രോത്സാഹനമാവുകയും പീഡനം തുടരാൻ ഇടയാക്കുകയും ചെയ്യുമെന്നും, ഒടുവിൽ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
വിവാഹിതയായ സ്ത്രീ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള പരാതികൾ മാതാപിതാക്കളും കുടുംബാംഗങ്ങളും ഒരിക്കലും അവഗണിക്കരുത്. ആവർത്തിച്ചുള്ള ഇത്തരം പരാതികളെ സാധാരണ ദാമ്പത്യ തർക്കങ്ങളായി കാണാതെ സഹായത്തിനായുള്ള യഥാർത്ഥ യാചനകളായി കാണണം. മകൾ സഹായം തേടി സമീപിക്കുമ്പോൾ ആശങ്കകൾ ഗൗരവത്തോടെ കേൾക്കാനും, അവളുടെ സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും കുടുംബത്തിന് ഉത്തരവാദിത്തമുണ്ട്. സമയബന്ധിതമായ ഇടപെടലിന് നികത്താനാകാത്ത നഷ്ടങ്ങൾ തടയാൻ കഴിയുമെന്നും, വൈകിയുള്ള പശ്ചാത്താപത്തിനോ കേസ് നടത്തിപ്പിനോ നഷ്ടപ്പെട്ട ജീവനെ തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
2011-ൽ 2.26 ലക്ഷം രൂപയ്ക്ക് പുറമെ മോട്ടോർ സൈക്കിളും ഒരു ലക്ഷം രൂപയും അധിക സ്ത്രീധനം ആവശ്യപ്പെട്ട് 25-കാരിയായ മീനാ ദേവിയെയും 15 മാസം പ്രായമുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലാണ് കോടതിയുടെ നിർണ്ണായക പരാമർശം. കേസിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ്, അമ്മായിയപ്പൻ, അമ്മായിയമ്മ, രണ്ട് അളിയന്മാർ എന്നിവരെ ശിക്ഷിച്ച വിചാരണക്കോടതിവിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.