‘സർക്കാറിനെതിരായ പ്രതിഷേധം രാജ്യദ്രോഹമല്ല; വിദ്യാർഥികളെ വേട്ടയാടുന്നതും ക്രിമിനൽ കേസെടുക്കുന്നതും നിർത്തണം’ -ഒമർ അബ്ദുല്ല
ഒമർ അബ്ദുല്ല
ശ്രീനഗർ: സർക്കാറിനെതിരെയുള്ള പ്രതിഷേധങ്ങളെ രാജ്യദ്രോഹമായി കാണാനാകില്ലെന്നും സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയുള്ള നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ആവശ്യപ്പെട്ടു. രാജ്യത്തോടല്ല, മറിച്ച് കേന്ദ്ര സർക്കാറിന്റെ പിന്തിരിപ്പൻ നയങ്ങളോടാണ് വിദ്യാർഥികൾ വിയോജിപ്പ് പ്രകടമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാറിനെ എതിർക്കുന്നത് രാജ്യത്തെ എതിർക്കുന്നതിന് തുല്യമല്ലെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നും, ഇത്തരം വിദ്യാർഥി പ്രക്ഷോഭങ്ങൾ പരീക്ഷ നടത്തിപ്പിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ പോലീസ് വേട്ടയാടുന്നതും അവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നതും ബന്ധുക്കളെ ചോദ്യം ചെയ്യുന്നതും ഉടൻ നിർത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി ജന്തർ മന്തിറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചതും, 36 ദിവസത്തെ സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ജാർഖണ്ഡിലെ പരീക്ഷ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ തള്ളിക്കളയാതെ മുഖ്യമന്ത്രി ഹേമന്ത് സോറൻ അവരുമായി ചർച്ച നടത്തണമെന്ന് ഒമർ അബ്ദുല്ല അഭ്യർഥിച്ചു. ജാർഖണ്ഡ് പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമീഷൻ പരീക്ഷകളിലെ അഴിമതികളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥി യൂനിയനുകൾ നിയമസഭയിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതോടൊപ്പം പാക് അധീന ജമ്മു കശ്മീരിലെ ജനവാസ മേഖലകളിലുണ്ടായ വെടിവെപ്പിലും സാധാരണക്കാരുടെ മരണത്തിലും അദ്ദേഹം ശക്തമായ ആശങ്ക രേഖപ്പെടുത്തി. സംഭവത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.