‘ഇന്ത്യയെ അമേരിക്കയ്ക്ക് പണയം വെച്ചു, ട്രംപ് പറയുന്നതെല്ലാം മോദി അംഗീകരിക്കുന്നു’; യുഎസ് സെനറ്റ് ബില്ലിൽ രൂക്ഷ വിമർശനവുമായി കെജ്‌രിവാൾ
ന്യൂഡൽഹി: റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ബിൽ യു.എസ് സെനറ്റിൽ പാസാക്കിയ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾ അടിയറവുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ട്രംപ് കടുത്ത രീതിയിൽ ഇടപെടുകയാണെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
“രാജ്യത്തെ അമേരിക്കയ്ക്ക് പണയം വെക്കുകയും, ട്രംപിന്റെ അടിമത്തത്തിന് കീഴടങ്ങുകയും, ഇന്ത്യയ്ക്ക് അപമാനമുണ്ടാക്കുകയും ചെയ്ത ശേഷമാണ് മോദിജി ഇത് രാജ്യത്തിനായി കൊണ്ടുവന്നിരിക്കുന്നത്. ഇന്ന് രാജ്യത്തിന്റെ ചെറുതും വലുതുമായ എല്ലാ തീരുമാനങ്ങളിലും ട്രംപിന്റെ ഇടപെടലുണ്ട്. ട്രംപ് പറയുന്നത് ശരിയായാലും തെറ്റായാലും മോദിജി അംഗീകരിക്കുകയാണ്. എന്നാൽ ട്രംപ് ആകട്ടെ, എല്ലാ മേഖലയിലും ഇന്ത്യയ്ക്ക് എതിരായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്,” കെജ്‌രിവാൾ എക്സിൽ കുറിച്ചു.
റഷ്യൻ അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ യു.എസ് സെനറ്റ് പാസാക്കിയതിന് പിന്നാലെയായിരുന്നു എ.എ.പി നേതാവിന്റെ ഈ പ്രതികരണം. 86നെതിരെ 11 വോട്ടുകൾക്കാണ് ബിൽ സെനറ്റിൽ പാസായത്. ഇത് നിയമമായി മാറുന്നതിന് ഇനി യു.എസ് പ്രതിനിധി സഭയിൽ കൂടി പാസാകേണ്ടതുണ്ട്.
അതിനിടെ, E20 ഇന്ധന വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാകുന്നത് വരെ പെട്രോൾ, ഡീസൽ വാഹനങ്ങൾ വാങ്ങുന്നത് താൽക്കാലികമായി നിർത്താൻ കെജ്‌രിവാൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. E20 ഇന്ധനത്തിനായി സർക്കാർ ആവശ്യമായ പരിശോധനകൾ നടത്തിയിട്ടില്ലെന്നും, ഇതിന്റെ ഉപയോഗം വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇരുചക്ര വാഹനങ്ങൾ, സ്‌കൂട്ടറുകൾ, കാറുകൾ, എസ്‌യുവികൾ ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങൾ എന്നിവയുടെ മൈലേജ് ഏകദേശം 25 മുതൽ 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.