31/03/2026
[fontresizer_tawhidurrahmandear_widget]

”പപ്പു, തപ്പു, അപ്പു; അവർ ഗാന്ധിജിയുടെ 3 വാനരന്മാരെ പോലെ”- രാഹുലിനും തേജസ്വിക്കും അഖിലേഷിനുമെതിരെ യോഗി ആദിത്യനാഥ്

 ”പപ്പു, തപ്പു, അപ്പു; അവർ ഗാന്ധിജിയുടെ 3 വാനരന്മാരെ പോലെ”- രാഹുലിനും തേജസ്വിക്കും അഖിലേഷിനുമെതിരെ യോഗി ആദിത്യനാഥ്

പാട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെ അധിക്ഷേപവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്നുപേരെ പപ്പു, തപ്പു, അപ്പു എന്നു വിളിച്ച അദ്ദേഹം, മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരെപ്പോലെയാണ് ഇവരെന്നും ആക്ഷേപിച്ചു.

ദര്‍ഭംഗയിലെ കെവോട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് യോഗി ആദിത്യനാഥിന്റെ പരിഹാസം. ”ഗാന്ധിജിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതുപോലെ, ഇന്ന് ഇന്‍ഡ്യ സഖ്യത്തിനും മൂന്ന് കുരങ്ങന്മാരുണ്ട്. ‘പപ്പു, തപ്പു, അപ്പു’ എന്നിങ്ങനെ മൂന്ന് കുരങ്ങന്മാര്‍. പപ്പുവിന് സത്യം സംസാരിക്കാനോ നല്ലതൊന്നും പറയാനോ കഴിയില്ല. തപ്പുവിന് സത്യം കാണാന്‍ കഴിയില്ല, അപ്പുവിന് സത്യം കേള്‍ക്കാനും കഴിയില്ല. അതുപോലെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്”- യോഗി വിമര്‍ശിച്ചു.

ബിഹാറിലെ വികസനത്തെക്കുറിച്ച് സത്യം കാണാനോ കേള്‍ക്കാനോ സംസാരിക്കാനോ ഇവര്‍ക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഹാസഖ്യം മാഫിയകളുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ സുരക്ഷ തകര്‍ക്കുകയും ജാതിയുടെ പേരില്‍ ആളുകളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നതായും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, യോഗി ആദിത്യനാഥിന്റെ ഈ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രൂക്ഷമായി പ്രതികരിച്ചു. യോഗി ആദിത്യനാഥ് ഹനുമാന്‍ജിയെയാണ് അപമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേഡ ആരോപിച്ചു. ‘അദ്ദേഹം ഒരു യോഗിയാണ്, പക്ഷേ ഹനുമാന്‍ജിയെ അപമാനിക്കുകയാണ്. ഒരു യോഗി ഹനുമാന്‍ജിയെ അപമാനിക്കുന്നത് സങ്കല്‍പ്പിക്കുക. ഇതെല്ലാം ജനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്,’ ഖേഡ പറഞ്ഞു.

Also read: