ലോക്കപ്പ് പൂട്ടാൻ മറന്നു; കൊല്ലത്ത് മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു
കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കുണ്ടറ പോലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവം നടന്നത്. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് പോലീസിന്റെ വീഴ്ച മുതലെടുത്ത് കടന്നുകളഞ്ഞത്.
നാന്തിരിക്കലിൽ നിർമാണം നടക്കുന്ന വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികൾ മുറിച്ചുകടത്തിയ കേസ്സിലാണ് വൈജേഷ് പിടിയിലായത്. സാമഗ്രികൾ മുറിക്കാനായി ഉപയോഗിച്ച ഉപകരണങ്ങൾ വാടകയ്ക്കെടുത്ത കടയിൽ തിരികെ നൽകാൻ ചൊവ്വാഴ്ച രാത്രി എത്തിയ സമയത്താണ് പ്രതിയെ വീട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.
തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി 11 മണിയോടെ പ്രതിയെ കുണ്ടറ സ്റ്റേഷനിൽ എത്തിച്ചു. രണ്ട് പോലീസുകാർ മാത്രമാണ് ഈ സമയം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ലോക്കപ്പിൽ കിടന്ന് ഉറങ്ങിപ്പോയ പ്രതി വെളുപ്പിന് ഒന്നരയോടെ ഉണരുകയും, നോക്കിയപ്പോൾ ലോക്കപ്പ് പൂട്ടിയിട്ടില്ലെന്ന് മനസ്സിലാക്കുകയുമായിരുന്നു. തുടർന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയ വൈജേഷ് സ്റ്റേഷൻ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.