08/09/2026
[fontresizer_tawhidurrahmandear_widget]

‘ഒരു തെറ്റും ചെയ്തിട്ടില്ല, പേടിച്ചുപോയെന്ന് കരുതേണ്ട; മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകൾ’- ഇഡി അന്വേഷണത്തിൽ തുറന്നടിച്ച് റിയാസ്

 ‘ഒരു തെറ്റും ചെയ്തിട്ടില്ല, പേടിച്ചുപോയെന്ന് കരുതേണ്ട; മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകൾ’- ഇഡി അന്വേഷണത്തിൽ തുറന്നടിച്ച് റിയാസ്

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പുതിയ കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മുൻമന്ത്രി മുഹമ്മദ് റിയാസ്. ആരും പേടിച്ചുപോയെന്ന് കരുതേണ്ടെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകളാണ് വരുന്നത്. അത് അതിന്റെ രസത്തിൽ നടക്കട്ടെ,” എന്നും റിയാസ് പ്രതികരിച്ചു. കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും നിരപരാധിത്വം പൂർണമായി തെളിയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും, ഈ പണം കൈപ്പറ്റാനും വിദേശത്തേക്ക് അയക്കാനും പിണറായിയെയും റിയാസിനെയും ടി. വീണ സഹായിച്ചുവെന്നുമാണ് ഇഡിയുടെ റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ 25 പേജുള്ള റിപ്പോർട്ടിൽ, അഴിമതി നിരോധന നിയമപ്രകാരം മൂവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.

സിഎംആർഎൽ എംഡി ശശിധരൻ കർത്ത നൽകിയ കൈക്കൂലിപ്പണം എക്സാലോജിക് കമ്പനി വഴിയും, എംപവർ ഇന്ത്യ ക്യാപിറ്റൽ വഴി ദുബൈലേക്ക് കടത്തിയെന്നുമാണ് ആരോപണം. റിയാസിന്റെ അനുയായികളായ ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, വി.പി ഫൈജാസ്, എം. നന്ദുലാൽ എന്നിവർ പണം കൈമാറാൻ സഹായിച്ചതായും റിപ്പോർട്ടിലുണ്ട്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന പരിശോധനയിൽ പണമിടപാടുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇഡി കത്ത് ലഭിച്ച കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംസ്ഥാന പോലീസ് മേധാവി സ്ഥിരീകരിച്ചു. നിയമവശങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പിണറായി വിജയൻ ഓരോ ഘട്ടത്തിലും സമൂഹത്തോട് പച്ചക്കള്ളം പറയുകയായിരുന്നെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കുറ്റപ്പെടുത്തി. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് വി. മുരളീധരനും ബിജെപി നേതാവ് ഷോൺ ജോർജും ആവശ്യപ്പെട്ടു. സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: