മദ്യലഹരിയിൽ നടുറോഡിൽ കാറുകൾ തടഞ്ഞ് പണംപിരിവും അക്രമവും; തടയാനെത്തിയ എസ്ഐയെ കടിച്ചു, യുവതി അറസ്റ്റിൽ
തൃശൂർ: തൃശൂർ നഗരമധ്യത്തിൽ കാറുകൾ തടഞ്ഞുനിർത്തി മദ്യലഹരിയിൽ അക്രമം കാട്ടിയ യുവതി പൊലീസിന്റെ പിടിയിലായി. തൃശൂർ ചാഴൂർ സ്വദേശിയായ റഹ്‌മത്ത് (21) ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയോടെയാണ് പൂർണ്ണമായും മദ്യപിച്ച് ലക്കുകെട്ട നിലയിൽ യുവതി നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയും യുവതി അക്രമം അഴിച്ചുവിട്ടു. തുടർന്ന് വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വനിതാ എസ്.ഐ കലയെ യുവതി മർദിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവം നടക്കുമ്പോൾ യുവതിയുടെ ആൺസുഹൃത്തും ഒപ്പമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. എന്നാൽ അന്തരീക്ഷം വഷളാകുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തതോടെ യുവതിയെ വഴിയിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണ് അറിയുന്നത്.
നടുറോഡിൽ യുവതി വാഹനങ്ങൾ തടഞ്ഞ് പണം പിരിക്കുന്നതായി തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിലേക്കാണ് ആദ്യ സന്ദേശമെത്തിയത്. ഇവിടെനിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് തൃശൂർ പൊലീസിന്റെ വനിതാ പൊലീസുകാരടങ്ങുന്ന സംഘം സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് വനിതാ സ്റ്റേഷനിലെത്തിച്ചു. എന്നാൽ ഇവിടെനിന്നും പുറത്തേക്ക് ഇറങ്ങിയോടിയ റഹ്‌മത്ത്, തന്നെ തടയാനും കീഴടക്കാനും ശ്രമിച്ച പൊലീസുകാരെയും മർദിക്കുകയായിരുന്നു. ജോലി അന്വേഷിച്ചാണ് താൻ തൃശൂർ നഗരത്തിലേക്ക് വന്നതെന്നും പ്ലസ് ടു വരെ പഠിച്ചിട്ടുണ്ടെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുറോഡിൽ ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. തൃശൂർ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.