‘റെയ്ഡിനിടെ നൽകിയ മൊഴി മാറ്റാനാകില്ല, വാരിസിനെതിരെ കൃത്യമായ തെളിവുണ്ട്’; ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്ന ആരോപണം തള്ളി ഇഡി
തിരുവനന്തപുരം: മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റെയ്‌ഡിന്റെ സമയത്ത് നൽകുന്ന മൊഴി പിൻവലിക്കാൻ സാധിക്കില്ലെന്നും, റെയ്ഡിൽ പിടിച്ചെടുക്കുന്ന രേഖകളെ സാധൂകരിക്കാനാണ് ഇത്തരം മൊഴികൾ രേഖപ്പെടുത്തുന്നതെന്നും ഇ.ഡി വ്യക്തമാക്കി. കേസിന്റെ വിചാരണ വേളയിൽ മാത്രമേ മൊഴി മാറ്റിപ്പറയാൻ സാധിക്കൂ എന്നാണ് ഇ.ഡി നിലപാട്. ഹസൻ വാരിസിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും റിയാസിനെതിരെ കൂടുതൽ മൊഴികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസി കൂട്ടിച്ചേർത്തു. അതേസമയം, ഇ.ഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴി എടുത്തതെന്ന ഉറച്ച ആരോപണത്തിൽ വാരിസ് തുടരുകയാണ്.
റിയാസിന്റെ ഹവാല ഇടപാടുകൾക്ക് തെളിവായി ഇ.ഡി ഉയർത്തിക്കാട്ടുന്ന മൊഴികളെ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് സുഹൃത്തായ ഹസൻ വാരിസ് രംഗത്തെത്തിയിരിക്കുന്നത്. മകളെയും ഭാര്യയെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒപ്പിട്ടുവാങ്ങിയതെന്ന് കാണിച്ച് ഇ.ഡിക്ക് ഹസൻ കത്ത് നൽകിയിരുന്നു. മൂന്നാഴ്ച മുൻപ് നൽകിയ ഈ കത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹവാല ഇടപാടുകൾ തെളിയിക്കുന്നതിനായി പണം കടത്തിയ ഹസൻ വാരിസ് കുറ്റം സമ്മതിച്ചുവെന്ന മൊഴിയാണ് ഇ.ഡി ഡി.ജി.പിക്ക് നൽകിയ കത്തിൽ പ്രധാന തെളിവായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ തെളിവിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് വാരിസ് സമർപ്പിച്ച പുതിയ അപേക്ഷ.
റിയാസ് പണം കടത്തിയെന്ന് മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ തന്നിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു എന്ന് വാരിസ് പറയുന്നു. അതിന് വഴങ്ങാതിരുന്നപ്പോൾ 22 വയസ്സുള്ള മകളെയും ഭാര്യയെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഘട്ടത്തിലാണ് മറ്റ് വഴിയില്ലാതെ റിയാസിനെതിരെ മൊഴി നൽകേണ്ടി വന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഓഗസ്റ്റ് 18-നാണ് വാരിസിന്റെ വസതിയിൽ ഇ.ഡി റെയ്ഡ് നടത്തി മൊഴിയെടുത്തത്. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ, അതായത് ഓഗസ്റ്റ് 20-ന് അദ്ദേഹം മൊഴി തിരുത്താൻ അപേക്ഷ നൽകിയിരുന്നു. അതിനാൽ ഡി.ജി.പിക്ക് ഇ.ഡി നൽകിയ കത്തിലെ വിവരങ്ങൾ പുറത്തുവന്ന ശേഷമുള്ള ഒരു പ്രതിരോധ നീക്കമല്ല ഇതെന്ന് ആഗസ്റ്റ് 20-ലെ കത്ത് വ്യക്തമാക്കുന്നു.
അതേസമയം, കേസെടുക്കാൻ സർക്കാരിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതാണ് ഇ.ഡിയുടെ കത്ത്. നടപടികൾ വൈകിയാൽ അത് തെളിവ് നശിപ്പിക്കലായി കണക്കാക്കുമെന്നും ഡി.ജി.പി പോലും നിയമനടപടി നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഇ.ഡി മുന്നറിയിപ്പ് നൽകുന്നുണ്ട്. സംഭവത്തിൽ കേസെടുക്കാൻ തന്നെയാണ് സർക്കാരിന്റെയും തീരുമാനം. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും പ്രാഥമിക അന്വേഷണം വേണമോ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കണമോ എന്നതിലും ചുമത്തേണ്ട വകുപ്പുകളിലും വ്യക്തത വരുത്തുക.