‘കുളിച്ച് ഭക്ഷണം കഴിച്ച് വന്നിരിക്കുന്ന നിരാഹാര സമരം, സനൽകുമാർ മറ്റൊരു ആറാട്ടണ്ണൻ’; പരിഹസിച്ച് ആലപ്പി അഷ്റഫ്
തിരുവനന്തപുരം: പ്രശസ്ത നടിയെ വേട്ടയാടുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതിനെതിരെയും, ഇതിന് ആസ്പദമായി സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹ നാടകത്തിനെതിരെയും രൂക്ഷവിമർശനവുമായി ചലച്ചിത്രപ്രവർത്തകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലായ ‘ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും’ എന്ന പരിപാടിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിൽ കിടന്നിട്ടും തിരുത്താത്ത സന്തോഷ് വർക്കിയുടെ (ആറാട്ടണ്ണൻ) അതേ മനോവൈകൃതവും മാനസിക രോഗാവസ്ഥയുമാണ് ഇപ്പോൾ സനൽകുമാർ ശശിധരനുമുള്ളതെന്ന് അഷ്റഫ് ആരോപിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിൽ അവാർഡുകൾ നിരത്തിവെച്ച് സനൽ നടത്തുന്ന സമരം ഒരു തമാശയാണെന്ന് അഷ്റഫ് പരിഹസിച്ചു. “വീട്ടിൽ പോയി കുളിച്ച് ഭക്ഷണം കഴിച്ച്, ഡ്രസ്സൊക്കെ മാറി ചാരുകസേരയിൽ വന്നിരുന്ന് കാറ്റുകൊള്ളാൻ ഇരിക്കുന്നത് പോലെ വരുന്നവരോടും പോകുന്നവരോടുമൊക്കെ കുശലാന്വേഷണം നടത്തുകയാണ് ഇയാൾ. രാഹുൽ ഈശ്വർ ബിഗ് ബോസിൽ പോയതുകൊണ്ടാണ് സനലിന് ഇവിടെ ഒറ്റയ്ക്ക് സമരം കിടക്കേണ്ടി വന്നത്; ഇല്ലെങ്കിൽ ഒരു പുരുഷന്റെ അവകാശം സംരക്ഷിക്കാൻ അയാളും കൂടെ വന്ന് നിരാഹാരം കിടന്നേനേ” – അഷ്റഫ് പറഞ്ഞു.
2019 മുതൽ ഈ നടിയെ സനൽ വേട്ടയാടാൻ തുടങ്ങിയതാണെന്നും, അറസ്റ്റിലായിട്ടും അവർക്കെതിരെ യാതൊരു വൈരാഗ്യവുമില്ലെന്ന് നടിച്ച് ‘കാക്കയും പൂച്ചയും പിടിക്കാതെ സംരക്ഷിക്കുകയാണെന്ന്’ വാദിച്ച് അപമാനിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പ്രശസ്ത നടി സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്ന് അന്വേഷിക്കുക’, ‘തനിക്കെതിരെയുള്ള കള്ളക്കേസിന്റെ ഗൂഢാലോചന അന്വേഷിക്കുക’, ‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട് സെക്സ് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുക’ എന്നീ മൂന്ന് ഫ്ലക്സ് ആവശ്യങ്ങൾ വച്ചാണ് സമരം.
സ്വന്തം സംഘടനയിലെ ലൈഫ് മെമ്പറായ ഒരു നടി പൊതുവിടത്തിൽ നിരന്തരം ആക്ഷേപിക്കപ്പെട്ടിട്ടും സിനിമാ സംഘടനകളായ ‘അമ്മ’യോ ഫെഫ്കയോ പ്രതികരിക്കാത്തതിനെയും സ്ത്രീ ഭരണസമിതിയുടെ കെടുകാര്യസ്ഥതയെയും അഷ്റഫ് കഠിനമായി വിമർശിച്ചു.
ഇതിനോടൊപ്പം നടി ഉഷാ ഹസീനയുടെ പ്രതികരണവും അദ്ദേഹം പങ്കുവെച്ചു. ഓണക്കിറ്റ് നൽകിയാൽ മാത്രം പോരെന്നും, ‘ഞങ്ങൾ രാജി വച്ചിട്ടില്ല’ എന്ന് പറഞ്ഞ് ഭരണസമിതിയിൽ വലിഞ്ഞുകയറിയിരിക്കുന്ന സ്ത്രീകൾ ഇത്തരം അക്രമങ്ങൾ നേരിടുന്ന അംഗങ്ങൾക്കായി ഇടപെടണമെന്നും ഉഷാ ഹസീന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ഇടപെട്ട് സനലിന്റെ പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും, നല്ല പഴുക്ക ചുരൽ കൊണ്ട് കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ സത്യാവസ്ഥ പുറത്തുവരൂ എന്നും ഉഷാ ഹസീന വ്യക്തമാക്കി.
ഭർത്താവില്ലാത്ത ഒരു സ്ത്രീയായതിനാലും, തന്റെ പടത്തിൽ അഭിനയിച്ചപ്പോൾ കാണിച്ച സ്നേഹവും സൗഹാർദ്ദവും ദുരുപയോഗം ചെയ്തും ഇയാൾ കാണിക്കുന്ന ഈ വികൃതിക്കെതിരെ നടി ഇപ്പോൾ ശക്തമായ നിയമപോരാട്ടത്തിലാണ്. എഴുത്തുകാരിയും നടിയുമായ അഡ്വ. ശാന്തി മായാദേവിയാണ് നടിക്കായി കോടതിയിൽ ഹാജരാകുന്നത്. ഒറ്റയ്ക്ക് വഴിവെട്ടി വിജയിച്ചു കയറിവന്ന ഈ നടിയുടെ പോരാട്ടവീര്യത്തെ തകർക്കാൻ ഇത്തരത്തിലുള്ള ‘ഓലപ്പടക്കങ്ങൾക്ക്’ കഴിയില്ലെന്നും, ഈ പോരാട്ടത്തിൽ എല്ലാവരും നടിയോടൊപ്പം അണിചേരണമെന്നും ആലപ്പി അഷ്റഫ് ആഹ്വാനം ചെയ്തു.