‘വോട്ട് മോഷണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കാളി, ബംഗാളിലും ബീഹാറിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം’; ബിജെപിക്കും കമ്മീഷനുമെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
അഖിലേഷ് യാദവ്
ലഖ്നോ: തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിലും ക്രമക്കേടുകളിലും നേരിട്ട് പങ്കാളിയാണെന്ന് അദ്ദേഹം ആരോപിച്ചു. ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ബി.ജെ.പിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും അദ്ദേഹം കടുത്ത കടന്നാക്രമണം നടത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തം വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിർദേശപ്രകാരം പ്രവർത്തിക്കരുതെന്നും അഖിലേഷ് ആവശ്യപ്പെട്ടു. വോട്ട് മോഷണവും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും സംബന്ധിച്ച് സമാജ്‌വാദി പാർട്ടി നിരവധി തവണ കമ്മീഷന് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. റാംപൂർ ഉപതെരഞ്ഞെടുപ്പിലും തുടർന്നുള്ള ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളിലും വലിയ തോതിൽ ക്രമക്കേടുകൾ നടന്നു. വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുകയും വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുകയും ഉദ്യോഗസ്ഥരെ ഏകപക്ഷീയമായി നിയമിക്കുകയും ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
2017-ൽ ഇക്കാര്യം മനസ്സിലായില്ലെന്നും എന്നാൽ 2022-ലെ തെരഞ്ഞെടുപ്പിൽ എസ്.പി അനുഭാവികളുടെ ധാരാളം വോട്ടുകൾ നീക്കം ചെയ്യപ്പെട്ടതായി കണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതിപ്പെട്ടിട്ടും ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തില്ല. എന്നാൽ ഇപ്പോൾ ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളുടെ മുൻപേജുകളിൽ വരുമ്പോൾ വോട്ട് മോഷണവും തെരഞ്ഞെടുപ്പ് തട്ടിപ്പും നടക്കുന്നുണ്ടെന്ന് ആളുകൾ മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അഖിലേഷ് കൂട്ടിച്ചേർത്തു.
നോയിഡയിൽ ഇപ്പോഴും ക്രമക്കേടുകൾ തുടരുന്നുണ്ടെന്നും അവിടെ വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അഖിലേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കോടതികൾ പരിഗണിക്കണമെന്നും പശ്ചിമ ബംഗാളിലും ബീഹാറിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും അവർ അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 30-ന് നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ മുതിർന്ന എസ്.പി നേതാക്കൾ പങ്കെടുക്കുമെന്നും തനിക്ക് മറ്റൊരു പരിപാടിയുള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്നും അഖിലേഷ് അറിയിച്ചു. യോഗത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷനുമായി ഇതിനകം സംസാരിച്ചിട്ടുണ്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തിയെന്നും 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയെ തുടച്ചുനീക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓരോ നിയമസഭാ മണ്ഡലത്തിലും സമാജ്‌വാദി പാർട്ടി 27,000 വോട്ടുകൾ വർധിപ്പിക്കുകയും ബി.ജെ.പിയുടെ 27,000 വ്യാജ വോട്ടുകൾ കുറയ്ക്കുകയും ചെയ്യുമെന്നും യു.പിയിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പാണെന്നും അഖിലേഷ് വ്യക്തമാക്കി.