“തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ല”; ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസിനും രാജ്യത്തെ ജനങ്ങൾക്കും വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇനി തെരഞ്ഞെടുപ്പുകൾ നടത്തുന്നത് വെറുമൊരു തട്ടിപ്പായിരിക്കുമെന്നും, ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ അദ്ദേഹം ഉടൻ തന്നെ പദവി ഒഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ, സുതാര്യത ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സമിതി അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നും തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ രാജ്യത്തെ ജനാധിപത്യ സംവിധാനം കൂടുതൽ ശക്തമാവുകയും നിലനിൽക്കുകയും ചെയ്യുകയുള്ളൂ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.