ചൈനയെ വീഴ്ത്തി ഇന്ത്യന്‍ പെൺപട; അമ്പെയ്ത്തിൽ സ്വർണം
നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണം. വനിതകളുടെ കോംപൗണ്ട് ടീം ഇനത്തിൽ ചൈനയെ തകർത്താണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. ജ്യോതി സുരേഘ, പ്രിതിക പ്രദീപ്, ചികിത തനിപ്രതി എന്നിവരടങ്ങുന്ന ടീമിനാണ് സുവർണനേട്ടം. ഇന്ന് പുലർച്ചെ നടന്ന സെമിയിൽ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യൻ ടീം ഫൈനലിൽ ഇടംനേടിയത്. ഫൈനലിലെ നാല് റൗണ്ടിലും ചൈനയെക്കാൾ മികച്ച പോയിന്റ് കണ്ടെത്തിയാണ് ഇന്ത്യയുടെ വിജയം. നാലാം റൗണ്ടിൽ മൂന്ന് ഇന്ത്യൻ താരങ്ങളും 10 പോയിന്റ് വീതം ഇന്ത്യയ്ക്കായി നേടി.
അതേസമയം, ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യയുടെ മെഡൽ കണക്കിൽ വൻ ഇടിവ്. ഒരു സ്വർണം മാത്രമാണ് ഇന്ത്യയ്ക്ക് ട്രാക്കിൽ നിന്ന് നേടാനായത്. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ നിന്ന് ഇന്ത്യ നേടിയത് ആറ് സ്വർണം ഉൾപ്പെടെ 29 മെഡലുകൾ. മൂന്നുവർഷങ്ങൾക്ക് ഇപ്പുറം ഐച്ചി – നഗോയ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 17 ആയി ചുരുങ്ങി. സ്വർണം ആറിൽ നിന്ന് ഒന്നായി. വെള്ളിമെഡൽ 14-ൽ നിന്ന് ആറിലേക്ക്. വെങ്കലമെഡലുകളുടെ എണ്ണത്തിലാണ് നേരിയ വർധന.
ഒൻപതിൽ നിന്ന് പത്തായി. വ്യക്തിഗത പ്രകടനങ്ങളിൽ ഗുൽവീർ സിങ്ങാണ് ഇന്ത്യയുടെ സൂപ്പർ സ്റ്റാർ. രണ്ട് വെള്ളിയും ഒരു വെങ്കലവും. മത്സരിച്ച എല്ലാ ഇനങ്ങളിലും ഈ ദീർഘ – മധ്യദൂര ഓട്ടക്കാരൻ മെഡലണിഞ്ഞു. വിദ്യ രാംരാജും നേടി മൂന്നുമെഡലുകൾ. ഒരു സ്വർണവും വെള്ളിയും വെങ്കലവും. 400 മീറ്റർ ഹർഡിൽസിൽ പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് വിദ്യയുടെ വെങ്കലമെഡൽ നേട്ടം. പോൾവാൾട്ടിലും മാരത്തണിലും മെഡൽ പട്ടികയിൽ ഇടംപിടിച്ചത് അഭിമാനകരമായെങ്കിലും കരുത്തായിരുന്ന ത്രോ ഇനങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു സ്വർണം പോലും നേടാനായില്ല.