ഗ്യാനേഷ് കുമാറിൻ്റെ രാജി: ഡൽഹിയിൽ ഒറ്റക്കെട്ടായി ഇന്ത്യ സഖ്യത്തിന്റെ വൻ പ്രതിഷേധം; മാര്ച്ച് തടഞ്ഞ് പൊലീസ്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ആകാശവാണി ഓഫീസിന് മുന്നിൽ വെച്ചാണ് മാർച്ച് തടഞ്ഞത്. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും. പ്രതിപക്ഷ പ്രതിഷേധത്തിൽ ബി.ജെ.ഡിയും പങ്കെടുക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപത്തേക്ക് കടത്തിവിടില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എസ്.പി പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി ഇരുന്ന് പ്രതിഷേധിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ സഖ്യ എം.പിമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
3,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉൾപ്പെടെയുള്ള വൻ പോലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയത്. പാർലമെന്റ് പരിസരം, പാർലമെന്റ് സ്ട്രീറ്റ് റൗണ്ട് എബൗട്ട്, തെരഞ്ഞെടുപ്പ് കമ്മീഷൻ കവാടങ്ങൾ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. ഓൺ-ഗ്രൗണ്ട് സുരക്ഷാ മേൽനോട്ടം വഹിക്കുന്നതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ ക്യാമറകൾ ഘടിപ്പിച്ചാണ് ചുമതലകൾ നിർവഹിക്കുന്നത്.
ഇലക്ഷൻ കമ്മീഷനിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഗ്യാനേഷ് കുമാർ തകർത്തതായി കോൺഗ്രസ് എം.പിമാർ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ ഓർത്ത് രാജ്യം മുഴുവൻ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ നിഷ്പക്ഷതയെക്കുറിച്ച് ഒരിക്കലും ചോദ്യങ്ങൾ ഉയർന്നിരുന്നില്ല. എന്നാൽ ഗ്യാനേഷ് കുമാർ ആ വിശ്വാസം തകർത്തെന്നും പ്രതിപക്ഷ എം.പിമാർ പറഞ്ഞു. പ്രതിപക്ഷം ഗ്യാനേഷ് കുമാറിനോട് ചോദിക്കുമ്പോൾ അതിന് മറുപടി നൽകുന്നത് ബി.ജെ.പി നേതാക്കളാണെന്നും എം.പിമാർ ആരോപിച്ചു.