ഗ്യാനേഷ് കുമാറിനെതിരായ സിജെപി പ്രതിഷേധം; ഡൽഹിയിൽ രണ്ട് ദിവസം മദ്യശാലകൾ അടച്ചിടും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധ മാർച്ചിനെ തുടർന്ന് ഡൽഹിയിൽ രണ്ട് ദിവസത്തേക്ക് മദ്യശാലകൾ അടച്ചിടാൻ ഉത്തരവ്. ക്രമസമാധാന പാലനം മുൻനിർത്തി ഒക്ടോബർ 9, 10 തീയതികളിലാണ് ഡൽഹി സർക്കാർ മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമീഷനിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആരോപിച്ചാണ് സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 10-ന് ഡൽഹിയിൽ വൻ പ്രതിഷേധ മാർച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്.
ഡൽഹി പൊലീസിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം. എൽ 6, എൽ 6 എഫ്.ജി, എൽ 8, എൽ 10, എൽ 14 തുടങ്ങിയ എല്ലാ ഫോം ലൈസൻസുകളുള്ള ചില്ലറ മദ്യവിൽപ്പന ശാലകളും ബുധൻ, വ്യാഴം (09.10.2026, 10.10.2026) ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്ന് എക്സൈസ്-വിനോദ നികുതി വകുപ്പ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ സമാധാനം നിലനിർത്തുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് കർശന നടപടിയെന്നും ഉത്തരവിലുണ്ട്.