‘ജർമൻ പൗരത്വമുള്ളയാൾ എസ്ഐആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതെങ്ങനെ?’; ധ്രുവ് റാഠിക്കെതിരെ പരാതി നൽകി ബിജെപി നേതാവ്
ഡൽഹി: ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകി ബിജെപി നേതാവ്. ധ്രുവ് റാഠിയുടെ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഭാസ്കർ റാവുവാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്ക് പരാതി സമർപ്പിച്ചത്. എസ്.ഐ.ആർ നടപടികൾക്കെതിരെയുള്ള സമരത്തിൽ ജർമൻ പൗരത്വമുള്ള ഒരാൾ പങ്കാളിയായത് എങ്ങനെയെന്നും, ഇത്തരമൊരു പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന് ഇയാൾ മുൻകൂട്ടി അനുമതി വാങ്ങിയിരുന്നോ എന്നും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
എസ്.ഐ.ആറിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ബെംഗളൂരുവൽ പ്രക്ഷോഭം നടന്നത്. സി.ജെ.പിക്ക് കീഴിൽ സംഘടിപ്പിച്ച ജനകീയ ട്രിബ്യൂണൽ പ്രക്ഷോഭത്തിന്റെ ഭാഗമാകാനാണ് ധ്രുവ് റാഠി ഇന്ത്യയിലെത്തിയത്. അഭിജിത് ദീപ്കെ, പ്രകാശ് രാജ്, ഐഷ ഘോഷ് എന്നിവരും ധ്രുവ് റാഠിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പേരുകൾ ഒഴിവാക്കപ്പെട്ടവരുടെ വീഡിയോ തെളിവുകളും സാക്ഷ്യങ്ങളും പ്രദർശിപ്പിച്ചായിരുന്നു ട്രിബ്യൂണലിന്റെ പ്രതിഷേധം.
ഒക്ടോബർ 3-ന് ന്യൂഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിനിടെ ഡൽഹി പോലീസിന്റെ ഭാഗത്തുനിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്ന മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്ക് പിന്തുണ അറിയിച്ച് ‘ചപ്പൽ പ്രതിഷേധം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പരിപാടിയല്ലെന്നും, രാജ്യത്തെ ഓരോ പൗരനും വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് ആഗ്രഹിക്കുന്ന ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെയുള്ള ഓരോ ഇന്ത്യക്കാരനും ഈ പ്രക്ഷോഭത്തിൽ അണിനിരക്കണമെന്നുമാണ് ധ്രുവ് റാഠി ജനങ്ങളോട് ആഹ്വാനം ചെയ്തത്.
എസ്.ഐ.ആറിന്റെ കരട് പട്ടിക പുറത്തുവന്നപ്പോൾ തന്നെ രാജ്യത്താകമാനം ഏകദേശം 13 കോടിയോളം വോട്ടർമാർ തള്ളപ്പെട്ടതായി ട്രിബ്യൂണൽ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനം ഒഴിയുന്നതുവരെ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകാനാണ് സി.ജെ.പിയുടെ തീരുമാനം.