‘പ്രായാധിക്യമുണ്ടെങ്കിൽ പിണറായി വിജയൻ വീട്ടിലിരിക്കട്ടെ; പറ്റാത്ത ജോലിക്ക് പോകരുത്’: ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്
കോട്ടയം: പ്രായാധിക്യമുണ്ടെങ്കിൽ പിണറായി വിജയൻ വീട്ടിലിരിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്. പറ്റാത്ത ജോലിക്ക് പോകരുതെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിൽ നടക്കുന്ന സമരങ്ങൾ തന്നെയാണ് ഡൽഹിയിലും നടന്നിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു. പി.സി ജോർജിനെ ആശുപത്രിയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും ആ കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും രാജി ആവശ്യപ്പെട്ട് ബിജെപി കോട്ടയത്ത് തെരുവ് സഭകൾ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണം ശരിയെങ്കിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ കാലയളവിലുണ്ടായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വി.ഡി സതീശനും രാജിവെക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. സിപിഎം-കോൺഗ്രസ് ഡീലാണ് സംസ്ഥാനത്ത് നടക്കുന്നത്. ഡൽഹി സമരത്തിൽ പങ്കെടുത്തതിന് പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി നിയമസഭയിൽ പൂവിട്ട് സ്വീകരിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം കോർപറേഷൻ ഭരണം എൽഡിഎഫും യുഡിഎഫും ചേർന്ന് അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധങ്ങളുടെ ഭാഗമായി ഈ മാസം 13ന് നിയമസഭയിലേക്ക് മാർച്ച് നടത്തും. കൗൺസിലർ സുഗതന്റെ കുടുംബവും വാർഡിലെ വോട്ടർമാരും ഇതിൽ പങ്കെടുക്കും. തുടർന്ന് ഒക്ടോബർ 16ന് യുവമോർച്ച നിയമസഭ മാർച്ച് നടത്തും. 18 മുതൽ ജനസഭകളും, 26-ന് മഹിളാ മോർച്ച മാർച്ചും സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഒക്ടോബർ 28-ന് ജനപ്രതിനിധികളുടെ നിയമസഭ മാർച്ചും നടക്കും. എസ്ഐആറിന്റെ യാഥാർത്ഥ്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കേരളത്തിലെ 30 കേന്ദ്രങ്ങളിൽ ജനസഭകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ നേതാക്കളായ ഷോൺ ജോർജ്, ലിജിൻ ലാൽ എന്നിവരും പങ്കെടുത്തു.