19/10/2026
[fontresizer_tawhidurrahmandear_widget]

ഗ്യാനേഷ് കുമാറിന് സുപ്രീംകോടതി നോട്ടീസ്; രാഹുൽ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയുടെയും ഹരജിയിൽ നിർണായക ഇടപെടൽ

 ഗ്യാനേഷ് കുമാറിന് സുപ്രീംകോടതി നോട്ടീസ്; രാഹുൽ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയുടെയും ഹരജിയിൽ നിർണായക ഇടപെടൽ

ന്യൂഡൽഹി: രാജ്യത്തുടനീളം ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയെന്ന ആക്ഷേപമുയർന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രക്രിയയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസയച്ച് സുപ്രീംകോടതി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ഇന്ത്യ മുന്നണി നേതാക്കളുടെയും സംയുക്ത ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ.

എസ്.ഐ.ആർ വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ വോട്ടർമാരെ ഏകപക്ഷീയമായി നീക്കം ചെയ്തുവെന്നും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തകർത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. ചീഫ് ഇലക്ഷൻ കമീഷണർക്ക് പുറമെ തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരോടും വിഷയത്തിൽ കോടതി വിശദീകരണം തേടിയിട്ടുണ്ട്.

മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ദ്ധരെയും പ്രമുഖ പൗരന്മാരെയും ഉൾപ്പെടുത്തി ഒരു സ്വതന്ത്ര സമിതി രൂപീകരിക്കണമെന്നാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പേരുകളുടെയും വരുത്തിയ മാറ്റങ്ങളുടെയും കൃത്യമായ ഓഡിറ്റ് നിശ്ചിത സമയപരിധിക്കുള്ളിൽ നടത്തണമെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.

“ജനങ്ങളുടെ വോട്ടവകാശം ഹനിക്കപ്പെടാൻ അനുവദിക്കില്ല. വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ച് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ സുതാര്യമായ ജുഡീഷ്യൽ പരിശോധന അനിവാര്യമാണ്.”

പ്രതിപക്ഷ നേതാക്കൾ ഹരജിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ, കോടതി വിഷയത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതുവരെ നിലവിൽ പുരോഗമിക്കുന്ന എസ്.ഐ.ആർ നടപടികൾ മരവിപ്പിക്കണമെന്നും, യാതൊരു മുന്നറിയിപ്പുമില്ലാതെ അർഹരായ വോട്ടർമാരെ നീക്കം ചെയ്ത നടപടികൾ പുനഃപരിശോധിച്ച് അവരുടെ പേരുകൾ തിരിച്ചുകൊണ്ടുവരാൻ സംവിധാനമുണ്ടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

ഡൽഹിയിൽ പ്രതിപക്ഷ കക്ഷികളും വിദ്യാർഥി-യുവജന സംഘടനകളും സി.ഇ.സി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണാട്ട് പ്ലേസിലും ഫിറോസ് ഷാ റോഡിലും വൻ റാലികൾ സംഘടിപ്പിച്ചതിന് പിന്നാലെയാണ് നിയമപോരാട്ടം സുപ്രീംകോടതിയിലെത്തിയത്. ഉത്തരവാദപ്പെട്ട ഭരണഘടനാ പദവിയിലിരുന്ന് ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. കോടതി നോട്ടീസ് അയച്ചതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിശദമായ സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരും.

Also read: