ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റില്‍
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയാണ് ഇദ്ദേഹം.
സ്വര്‍ണം പൂശിയ ക്ഷേത്രത്തിലെ കട്ടിളപ്പാളികള്‍ സംബന്ധിച്ച രേഖകളില്‍ തിരിമറി നടത്തിയെന്നതാണ് വാസുവിനെതിരായ പ്രധാന ആരോപണം. 2019 മാര്‍ച്ച് 18-ന് ഇദ്ദേഹമാണ് കട്ടിളപ്പാളികള്‍ ‘ചെമ്പുപാളികള്‍’ എന്ന് തിരുത്തി എഴുതിയതായി കണ്ടെത്തിയത്. ഈ കട്ടിളപ്പാളികളില്‍നിന്ന് 409 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തിരുന്നു.
സ്വര്‍ണക്കൊള്ള നടന്നത് വാസുവിന്റെ പൂര്‍ണ അറിവോടെയാണെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ മുരാരി ബാബു, സുധീഷ് എന്നിവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. മുന്‍ തിരുവാഭരണം കമ്മീഷണര്‍ ബൈജുവിന്റെ മൊഴികളും വാസുവിന് എതിരായിരുന്നു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയപ്പോള്‍, രേഖകളിലെ തിരുത്തലിനെക്കുറിച്ച് മറുപടി നല്‍കാന്‍ കഴിയാതിരുന്ന വാസു, ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
റാന്നി കോടതി അവധിയായതിനാല്‍ പ്രതിയെ ഇന്ന് തന്നെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.