അമ്മയെ തലങ്ങും വിലങ്ങും മർദിച്ചു; ചോദ്യം ചെയ്ത അയൽവാസിയുടെ തല അടിച്ചുപൊട്ടിച്ചു: യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ
കൊല്ലം: അമ്മയെ ക്രൂരമായി മർദിക്കുകയും തടയാനെത്തിയ അയൽവാസികളുടെ തല അടിച്ചുപൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും മണികണ്ഠേശ്വരം സ്വദേശിയുമായ രാഹുലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം ഓടനാവട്ടത്താണ് സംഭവം നടന്നത്.
ഇന്നലെ രാത്രിയാണ് രാഹുൽ അമ്മയെ തലങ്ങും വിലങ്ങും മർദിച്ചത്. അമ്മയുടെ നിലവിളി കേട്ടെത്തിയ അയൽവാസി ബിനു, ജനലിലൂടെ മർദനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇതോടെ പ്രകോപിതനായ രാഹുൽ പുറത്തിറങ്ങി ബിനുവിനെ ആക്രമിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത ബിനുവിന്റെ മകൻ ബിജിതിനു നേരെയും രാഹുൽ ആക്രോശിച്ചെത്തുകയും ക്രൂരമായി മർദിച്ച് തല അടിച്ചുപൊട്ടിക്കുകയും ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാഹുലിനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.