27/10/2026
[fontresizer_tawhidurrahmandear_widget]

‘പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ പള്ളി തൽക്കാലം പൊളിക്കില്ല’; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ

 ‘പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ പള്ളി തൽക്കാലം പൊളിക്കില്ല’; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ റേസ് കോഴ്‌സ് മസ്ജിദ് പൊളിച്ചുനീക്കാൻ നിലവിൽ യാതൊരുവിധ നീക്കങ്ങളുമില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പള്ളി പൊളിക്കുന്നത് തടയണമെന്നും വിശ്വാസികൾക്കുള്ള പ്രവേശന വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തിൽ പള്ളിക്കെതിരെ യാതൊരു പൊളിക്കൽ നടപടികളും നടക്കുന്നില്ലെന്ന് ജസ്റ്റിസ് അനീഷ് ദയാലിന്റെ ബെഞ്ചിന് മുൻപാകെ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിൽ ആശിഷ് ദീക്ഷിത് ബോധിപ്പിച്ചു. പ്രദേശത്ത് നടക്കുന്ന മറ്റ് ചില അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി സുരക്ഷ മുൻനിർത്തി മാത്രമാണ് പള്ളിയിലേക്കുള്ള പ്രവേശനവും വൈദ്യുതി-കുടിവെള്ള കണക്ഷനുകളും താൽക്കാലികമായി നിർത്തിവെച്ചതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

അടുത്ത ദിവസങ്ങളിൽ പള്ളി പൊളിക്കില്ലെന്ന് കോടതി രേഖപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, കോർട്ട് ഓഫീസർ എന്ന നിലയിൽ താൻ ഇക്കാര്യത്തിൽ ഉറപ്പുനൽകുന്നുവെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് വിഷയത്തിൽ വിശദമായ നിർദ്ദേശങ്ങൾ തേടാൻ കേന്ദ്ര സർക്കാരിന്റെയും ഡൽഹി വഖഫ് ബോർഡിന്റെയും അഭിഭാഷകർക്ക് നിർദ്ദേശം നൽകിയ കോടതി, എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. കേസ് തുടർനടപടികൾക്കായി ഒക്ടോബർ 29-ലേക്ക് മാറ്റിയിട്ടുണ്ട്.

Also read: