‘അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും’; ഖാർഗെക്ക് പരോക്ഷ മറുപടിയുമായി നരേന്ദ്ര മോദി
ഗുജറാത്ത്: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശങ്ങൾക്ക് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിൽ തന്നെ മുഴുകുമെന്നും പൊതുസേവനത്തിനായുള്ള തന്റെ പ്രതിബദ്ധത മാറ്റമില്ലാതെ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ ഭാരത് ബോവിൻ ബ്രീഡിംഗ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്റെ അവസാന ശ്വാസം വരെ ജനങ്ങളുടെ സേവനത്തിനായി ഞാൻ പ്രതിജ്ഞാബദ്ധനാണ്” പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കെതിരെ നടത്തിയ വിവാദ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ മറുപടി.
രാജ്യം വലിയ പ്രതിസന്ധികൾ നേരിടുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുകയും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന ചിലരുണ്ടെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ഇറാൻ യുദ്ധത്തിന് പിന്നാലെ രാജ്യത്ത് വളം ക്ഷാമം രൂക്ഷമാകുമെന്നും സാധാരണക്കാർക്ക് പാചകവാതകം ലഭിക്കില്ലെന്നും ചിലർ ബോധപൂർവം വ്യാജവാർത്തകൾ പ്രചരിപ്പിച്ചതായി അദ്ദേഹം ആരോപിച്ചു.
ആഗോള അനിശ്ചിതത്വങ്ങൾ കാരണം അന്താരാഷ്ട്ര തലത്തിൽ വളത്തിന്റെ വില വൻതോതിൽ വർദ്ധിച്ചിട്ടും, ആ അധിക ബാധ്യത രാജ്യത്തെ കർഷകരുടെ തലയിൽ വീഴാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ട് സംരക്ഷണം നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, പി.എം കിസാൻ സമ്മാൻ നിധി പദ്ധതി വഴി ചെറുകിട കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 4.5 ലക്ഷം കോടി രൂപ ഇതിനകം നേരിട്ട് നൽകിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഭിൽഡിയിൽ നടന്ന ചടങ്ങിൽ 14,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.