17/06/2026
[fontresizer_tawhidurrahmandear_widget]

ബാബറി മസ്ജിദ് ധ്വംസന വാര്‍ഷികത്തില്‍ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വന്‍ റാലി

 ബാബറി മസ്ജിദ് ധ്വംസന വാര്‍ഷികത്തില്‍ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വന്‍ റാലി

കൊല്‍ക്കത്ത: ബാബരി മസ്ജിദ് ധ്വംസനത്തിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് കൊല്‍ക്കത്തയില്‍ മെഗാ റാലി സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെയും ഐക്യത്തിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് റാലിയുടെ പ്രധാന ലക്ഷ്യം.

സാധാരണയായി ടി.എം.സിയുടെ ന്യൂനപക്ഷ വിഭാഗമാണ് ഈ റാലി സംഘടിപ്പിക്കാറുള്ളത്. ഇത്തവണ വിദ്യാര്‍ത്ഥി, യുവജന വിഭാഗങ്ങള്‍ക്കാണ് പ്രധാന ചുമതല നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റമെന്നാണ് സൂചന. കൊല്‍ക്കത്തയിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ് റാലി നടക്കുക. പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും റാലിയെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.

റാലി രാഷ്ട്രീയ പരിപാടി എന്നതിലുപരി ഐക്യത്തിന്റെയും സാമൂഹിക സൗഹൃദത്തിന്റെയും സന്ദേശം നല്‍കാനുള്ള ശ്രമമാണെന്ന് ടി.എം.സി നേതാക്കള്‍ പ്രതികരിച്ചു. ബി.ജെ.പി വര്‍ഗീയ പ്രചാരണങ്ങള്‍ ശക്തമാക്കുമ്പോള്‍, അതിനെ നേരിടാനും മതനിരപേക്ഷ വോട്ടുകള്‍ ഏകീകരിക്കാനും ഞങ്ങള്‍ ശ്രമിക്കും. മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണ് ബാബരി മസ്ജിദ് ധ്വംസന വാര്‍ഷികമെന്നും ഒരു മുതിര്‍ന്ന ടി.എം.സി നേതാവ് പറഞ്ഞു.

അതേസമയം, ഡിസംബര്‍ ആറിന് തൃണമൂല്‍ റാലി സംഘടിപ്പിക്കുന്നത് ഏത് സമുദായത്തെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തമാണെന്നും ബംഗാളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു.

Also read: