30/03/2026
[fontresizer_tawhidurrahmandear_widget]

ഒടുവില്‍ സസ്‌പെന്‍ഷന്‍; കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ നടപടി

 ഒടുവില്‍ സസ്‌പെന്‍ഷന്‍; കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ നടപടി

കോഴിക്കോട്/തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്ത ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് വടകര ഡിവൈഎസ്പിക്കെതിരെ നടപടി. എ. ഉമേഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്മേലാണ് അടിയന്തര നടപടി.

പരാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഉമേഷിനെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അടിയന്തര നടപടി. ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.

സംഭവത്തെക്കുറിച്ച് വിശദമായ വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഉമേഷിനെതിരെ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സസ്‌പെന്‍ഷന്‍ നടപടികളിലേക്ക് കടക്കുകയും ചെയ്തത്.

പോലീസ് സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗിക അതിക്രമത്തിന് ആരോപണം ഉയര്‍ന്നത് പോലീസിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ആരോപണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വകുപ്പുതല അന്വേഷണത്തിന് പുറമെ നിയമനടപടികളും ഉമേഷിനെതിരെ ഉണ്ടായേക്കുമെന്നാണ് സൂചന.

ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. 2014ല്‍ വടക്കാഞ്ചേരി സി.ഐ ആയിരുന്ന കാലത്ത് അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ കേസില്‍ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചു എന്നായിരുന്നു പ്രധാന ആരോപണം. യുവതിയും ഈ മൊഴി അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.

പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സസ്പെന്‍ഷന് ശുപാര്‍ശ ചെയ്തത്. സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പായി എ. ഉമേഷ് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സസ്പെന്‍ഷന്‍ നടപടിക്ക് പിന്നാലെ ഉമേഷിനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഉടന്‍ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

Also read: