‘നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസം ദിലീപ് മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു; കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്ന് സന്ദേശം’
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധി വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ, വിചാരണ വേളയിലെ സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും കാണിച്ച് നടന് ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശം അയച്ചിരുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ്, 2017 ഫെബ്രുവരി 22-ന് രാവിലെ 9.22-ന് ദിലീപ് ഈ സന്ദേശം അയച്ചത്. സംഭവത്തില്‍ പള്‍സര്‍ സുനിയാണ് പ്രതിയെന്ന വിവരം പുറത്തുവന്നതോടെ തന്നിലേക്ക് അന്വേഷണം എത്തുമെന്ന ഭയമാണ് ദിലീപിനെക്കൊണ്ട് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പ്രോസിക്യൂഷന് വാദം. മുഖ്യമന്ത്രിക്ക് മാത്രമല്ല, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ദിലീപ് സന്ദേശങ്ങള്‍ അയച്ചിരുന്നു. വീണ്ടെടുത്ത ഈ സന്ദേശങ്ങള്‍ പ്രോസിക്യൂഷന് കോടതിയില്‍ തെളിവായി ഹാജരാക്കി.
മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് കാരണമായത് കാവ്യാ മാധവനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി മഞ്ജുവിനോട് പറഞ്ഞതാണെന്ന വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന് കേസ്. കാവ്യയുമായുള്ള ചാറ്റുകള്‍ മഞ്ജു കണ്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ദിലീപ് കാവ്യയുടെ നമ്പര്‍ ‘രാമന്’, ‘ആര്‍യുകെ അണ്ണന്’, ‘മീന്‍’, ‘വ്യാസന്’ തുടങ്ങിയ പേരുകളിലാണ് ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പോലീസിന്റെ കെട്ടുകഥയാണെന്നാണ് ദിലീപിന്റെ നിലപാട്. പത്ത് പ്രതികളുള്ള കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ വിധി ഉടന്‍ പ്രസ്താവിക്കാനിരിക്കെ, ഈ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.