ഗസ്സയിലെ വംശഹത്യയ്ക്കിടെ ഇസ്രയേലിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയെന്ന് ഗിന്നസ് റെക്കോർഡ്‌സ് വെളിപ്പെടുത്തൽ
വാഷിംഗ്ടൺ ഡിസി: ഗസ്സയിലെ സംഘർഷത്തിനിടെ ഇസ്രയേലിൽ നിന്നുള്ള പുതിയ വേൾഡ് റെക്കോർഡ് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചതായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് വെളിപ്പെടുത്തൽ. 2023 ഒക്ടോബർ 7-ന് ശേഷം ഇസ്രയേലിൽ നിന്നുള്ള അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവെച്ചതായാണ് ഗിന്നസ് അധികൃതർ വ്യക്തമാക്കിയത്. ഈ വിവരം മറച്ചുവെച്ച് ഇസ്രയേലിൽ ബിസിനസ് തുടരുന്നത് ‘ഉപഭോക്തൃ വഞ്ചന’ (Consumer fraud) ആണെന്ന് ആരോപിച്ച് അമേരിക്കൻ ജൂത നിയമ സംഘടന നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
‘ലൂയിസ് ഡി. ബ്രാൻഡ്‌ലെയ്‌സ് സെന്റർ’ (Louis D. Brandeis Center) ആണ് ഗിന്നസിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. വാഷിംഗ്ടൺ ഡിസി അറ്റോർണി ജനറലിനാണ് ഇവർ പരാതി നൽകിയത്.
പരാതിയിലെ പ്രധാന കാര്യങ്ങൾ:
* വിവേചനം: യുദ്ധം നടക്കുന്ന ഉക്രെയ്ൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇപ്പോഴും അപേക്ഷകൾ സ്വീകരിക്കുന്നുണ്ടെന്നും, എന്നാൽ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇസ്രായേലിനെ മാത്രം ഒഴിവാക്കിയത് വിവേചനമാണെന്നും സംഘടന ആരോപിക്കുന്നു.
* വഞ്ചന: ലോകമെമ്പാടുമുള്ള റെക്കോർഡുകൾ ഉൾക്കൊള്ളുന്നുവെന്ന അവകാശവാദത്തോടെയാണ് ഗിന്നസ് പുസ്തകങ്ങൾ വിൽക്കുന്നത്. എന്നാൽ ഇസ്രായേലിനെ രഹസ്യമായി ഒഴിവാക്കുന്നതിലൂടെ, പുസ്തകം വാങ്ങുന്ന ഉപഭോക്താക്കളെ ഗിന്നസ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബ്രാൻഡ്‌ലെയ്‌സ് സെന്റർ ചൂണ്ടിക്കാട്ടി.
* ഓൺലൈൻ അപേക്ഷകൾ: വിധികർത്താക്കൾക്ക് നേരിട്ട് വരാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഓൺലൈനായി തെളിവുകൾ സമർപ്പിക്കാറുണ്ടെങ്കിലും, ഇസ്രായേലിൽ നിന്നുള്ളവർക്ക് ആ അവസരവും നിഷേധിക്കപ്പെട്ടതായി പരാതിയിൽ പറയുന്നു.
അതേസമയം, വിധികർത്താക്കളെ അയക്കുന്നതിലുളള സുരക്ഷാ ബുദ്ധിമുട്ടുകൾ കാരണമാണ് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചതെന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഔദ്യോഗിക വിശദീകരണം.