‘പാര്‍ലമെന്റിലും പുറത്തും വര്‍ഗീയശക്തികളോട് പടവെട്ടിയ ആളാണ് ഞാന്‍; ഗാന്ധിയുടെ ഘാതകരില്‍നിന്ന് എനിക്ക് ഒന്നും പഠിക്കാനില്ല’-വിവാദങ്ങളില്‍ ദിഗ്‌വിജയ് സിങ്
ദിഗ്‍വിജയ് സിങ്
ന്യൂഡല്‍ഹി: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സംഘടനാ പാടവത്തെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. താന്‍ അവരുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ആളാണെന്നും, പാര്‍ലമെന്റിലും നിയമസഭയിലും പുറത്തും വര്‍ഗീയ ശക്തികള്‍ക്കെതിരെ പടവെട്ടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി ദിഗ്വിജയ് സിങ് എക്‌സില്‍ പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും ഒന്നിച്ചുള്ള 1996-ലെ ഒരു ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ആര്‍.എസ്.എസിന്റെ സാധാരണ പ്രവര്‍ത്തകര്‍ പോലും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി മാറുന്ന സംഘടനാ കരുത്തിനെ പ്രശംസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഇത് കോണ്‍ഗ്രസിനുള്ളിലെ അതൃപ്തിയായി വ്യാഖ്യാനിക്കപ്പെടുകയും, അദ്ദേഹം ബി.ജെ.പിയോട് അടുക്കുകയാണോ എന്ന അഭ്യൂഹങ്ങള്‍ പരത്തുകയും ചെയ്തു.
വിവാദം കൊഴുത്തതോടെയാണ് ഞായറാഴ്ച അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. ‘എനിക്ക് അവരില്‍ (ബി.ജെ.പി-ആര്‍.എസ്.എസ്) നിന്ന് ഒന്നും പഠിക്കാനില്ല. ഗാന്ധിയുടെ ഘാതകരില്‍ നിന്ന് എനിക്ക് എന്ത് പഠിക്കാനാണ്? എന്നാല്‍ അവരുടെ സംഘടനയുടെ ചിട്ടയും പ്രവര്‍ത്തനരീതിയും കണ്ടുപഠിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടന സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് താന്‍ ശ്രമിച്ചതെന്നും, വര്‍ഗീയ ശക്തികളുമായുള്ള തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റ്. സ്വന്തം പാര്‍ട്ടിയിലെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുള്ള സന്ദേശമായാണ് താന്‍ അത് ഉദ്ദേശിച്ചതെന്ന് ദിഗ്വിജയ് സിങ് വ്യക്തമാക്കി.