ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് ആർ. ശ്രീലേഖ; ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ല
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി പരസ്യമാക്കി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും പാർട്ടിയുടെ നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം നൽകാമെന്ന ഉറപ്പിൽ തന്നെ വഞ്ചിച്ചുവെന്നും ഇനി പാർട്ടി ആവശ്യപ്പെട്ടാലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം, ശ്രീലേഖയുടെ പരാമർശത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പരിശോധിക്കുമെന്നും തിരുവനന്തപുരം മേയർ വി.വി രാജേഷ് പറഞ്ഞു.
മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് താൻ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയതെന്ന് ശ്രീലേഖ വെളിപ്പെടുത്തി. താൻ ആദ്യം മത്സരത്തിനില്ലെന്ന് മൂന്ന് തവണ വ്യക്തമാക്കിയതാണ്. എന്നാൽ വെറുമൊരു കൗൺസിലർ ആയിട്ടല്ല, പാർട്ടിയുടെ മേയർ സ്ഥാനാർത്ഥിയായിട്ടാണ് തന്നെ അവതരിപ്പിക്കുന്നതെന്ന് നേതൃത്വം ഉറപ്പ് നൽകി. എന്നാൽ വിജയിച്ചതിന് പിന്നാലെ തന്നെ മറികടന്ന് വി.വി. രാജേഷിനെ മേയറാക്കാനാണ് നേതൃത്വം തീരുമാനിച്ചതെന്ന് അവർ കുറ്റപ്പെടുത്തി.
കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ വിജയം ഉയർത്തിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശ്രീലേഖയെ മത്സരിപ്പിക്കാനായിരുന്നു ബിജെപി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ വാഗ്ദാനം താൻ നിരസിക്കുകയാണെന്ന് അവർ അറിയിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തുടരാൻ തനിക്ക് ഇപ്പോൾ താൽപര്യമില്ലെന്നും അവർ തുറന്നടിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിന്റെ കരുത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് ശ്രീലേഖയുടെ ഈ പരസ്യ പ്രതികരണം വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയും വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതും വരും ദിവസങ്ങളിൽ ബിജെപിയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.