യുഎസ് വൈസ് പ്രസിഡന്റിന്റെ വസതി ആക്രമിച്ച യുവാവ് ‘മനോരോഗി’; വാദം ഏറ്റുപിടിച്ച് ജെ.ഡി വാന്‍സും
വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഒഹിയോവിലെ വസതിക്ക് നേരെ ആക്രമണത്തില്‍ പ്രതി കസ്റ്റഡിയില്‍. ഒരു ഭ്രാന്തന്‍ തന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചെന്നാണു സംഭവത്തോട് വാന്‍സ് പ്രതികരിച്ചത്. യുവാവിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വില്ല്യം ഡെഫൂര്‍ എന്ന 26കാരനാണു സംഭവത്തില്‍ അറസ്റ്റിലായത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് 11,000 ഡോളറിന്റെ ജാമ്യത്തുക നിശ്ചയിച്ചിട്ടുണ്ട്. ആക്രമണവിവരം പുറത്തുവന്നതിന് പിന്നാലെ വാന്‍സ് എക്‌സില്‍ കുറിച്ച വാക്കുകള്‍ കൗതുകമുണര്‍ത്തുന്നതാണ്. അക്രമിയെ ‘ഭ്രാന്തന്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മാധ്യമങ്ങളോട് ഒരു അഭ്യര്‍ത്ഥനയും നടത്തി.
‘ഞങ്ങളുടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണങ്ങളുമായെത്തിയ എല്ലാവര്‍ക്കും നന്ദി. എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിടത്തോളം, ഒരു ‘ഭ്രാന്തന്‍’ ചുറ്റിക ഉപയോഗിച്ച് ജനലുകള്‍ തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ സീക്രട്ട് സര്‍വീസിനും സിന്‍സിനാറ്റി പോലീസിനും ഞാന്‍ നന്ദി പറയുന്നു. ഞങ്ങള്‍ നേരത്തെ തന്നെ ഡി.സിയിലേക്ക് മടങ്ങിയതിനാല്‍ സംഭവസമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല,’ വാന്‍സ് കുറിച്ചു.
മാധ്യമങ്ങളോട് അദ്ദേഹം ഇങ്ങനെ അഭ്യര്‍ത്ഥിച്ചു: ‘മാധ്യമങ്ങളോട് ഒരു അപേക്ഷയുണ്ട്; പൊതുജീവിതത്തിന്റെ ഇത്തരം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഞങ്ങളുടെ കുട്ടികളെ കഴിയുന്നത്ര സംരക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ആ നിലയ്ക്ക്, തകര്‍ന്ന ജനലുകളുള്ള ഞങ്ങളുടെ വീടിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ എന്തെങ്കിലും വാര്‍ത്താ മൂല്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.’
പ്രതിയുടെ അഭിഭാഷകനായ പോള്‍ ലോഫ്മാന്‍ കോടതിയില്‍ ഉന്നയിച്ചത് പ്രതിയുടെ മാനസികാവാസ്ഥയെക്കുറിച്ചാണ്. ‘മാനസികാരോഗ്യം ഈ കേസില്‍ ഒരു പ്രധാന ഘടകമാണ്. നിര്‍ഭാഗ്യകരമായ ഈ സംഭവത്തിന് പിന്നിലെ പ്രധാന കാരണം ഇതാണെന്ന് നിസ്സംശയം പറയാം. കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ കൃത്യമായി പാലിച്ചു വരികയായിരുന്നു ഡെഫൂര്‍,’ ലോഫ്മാന്‍ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന സമാനമായ മറ്റൊരു അക്രമസംഭവത്തില്‍ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് ഡെഫൂറിന് രണ്ട് വര്‍ഷത്തെ മാനസികാരോഗ്യ ചികിത്സ കോടതി നിര്‍ദേശിച്ചിരുന്നു.
തിങ്കളാഴ്ചയാണ് സിന്‍സിനാറ്റിയിലെ വില്ല്യം ഹോവാര്‍ഡ് ടാഫ്റ്റ് ഡ്രൈവിലുള്ള വാന്‍സിന്റെ വസതിക്ക് നേരെ ആക്രമണമുണ്ടായത്. കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് വീടിന്റെ നാല് ജനല്‍ ചില്ലുകള്‍ ഡെഫൂര്‍ തകര്‍ത്തു. കൂടാതെ, വാന്‍സിന്റെ വാഹനത്തിനും വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഫെഡറല്‍ ഉദ്യോഗസ്ഥരുടെ കാറിനും ഇയാള്‍ നാശനഷ്ടങ്ങള്‍ വരുത്തി.