12/06/2026
[fontresizer_tawhidurrahmandear_widget]

വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി; മുതിർന്ന നേതാവ് എ.വി. ജയൻ പാർട്ടി വിട്ടു

 വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി; മുതിർന്ന നേതാവ് എ.വി. ജയൻ പാർട്ടി വിട്ടു

കൽപ്പറ്റ: വയനാട് സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമായ എ.വി. ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തുകയാണെന്നും അന്തസ്സോടെ പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

’35 കൊല്ലം പാർട്ടിക്കുവേണ്ടി പൂർണമായും സമർപ്പിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത്,’ എന്ന് ജയൻ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരേ താൻ ഉന്നയിച്ച വിമർശനങ്ങളാണ് വേട്ടയാടലിന് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. പൂതാടി പഞ്ചായത്തിൽ ഇടതുമുന്നണി ഭരണം നേടിയെങ്കിലും ജയനെ ഒഴിവാക്കി മറ്റൊരാൾക്ക് പ്രസിഡന്റ് സ്ഥാനം നൽകിയത് തർക്കം രൂക്ഷമാക്കിയിരുന്നു.

പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതല്ല തന്റെ പരാതിയെന്ന് അദ്ദേഹം വിശദീകരിച്ചു. ‘പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളോട് സഹകരിച്ച് മുന്നോട്ടുപോകാൻ ഇനി എനിക്ക് സാധിക്കില്ല. അതിന് നിരവധി കാരണങ്ങളുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്നതല്ല എന്റെ വിഷയം. കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ആ സ്ഥാനം വലിയ കാര്യമൊന്നുമല്ല. കഴിഞ്ഞ ഒന്നൊന്നര വർഷമായി എന്നെ ചിലർ നിരന്തരം വേട്ടയാടുകയാണ്. അതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം,’ ജയൻ വ്യക്തമാക്കി.

തൽക്കാലം പഞ്ചായത്ത് അംഗത്വം രാജിവെക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ‘അവഗണിക്കുന്ന സ്ഥലത്ത് വീണ്ടും നമ്മുടെ സാന്നിധ്യം അറിയിക്കണം എന്നാണ് തീരുമാനം. ജനങ്ങൾ തെരഞ്ഞെടുത്ത പഞ്ചായത്ത് മെമ്പർ എന്ന സ്ഥാനം മുന്നോട്ടു കൊണ്ടുപോവണമെന്ന് ആഗ്രഹമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ പാർട്ടിയുടെ പ്രധാന മുഖങ്ങളിലൊരാളായ ജയന്റെ പടിയിറക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് വലിയ തലവേദനയായേക്കും.

Also read: