പ്രധാനമന്ത്രിക്കെതിരായ പരാമർശം: ഗായിക നേഹ സിംഗ് റാത്തോഡിന് വാരണാസി പോലീസിന്റെ നോട്ടീസ്
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രശസ്ത നാടോടി ഗായിക നേഹ സിംഗ് റാത്തോഡിന് പോലീസ് നോട്ടീസ് നൽകി. 2025ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വാരണാസിയിലെ ലങ്ക പോലീസ് നടപടി സ്വീകരിച്ചത്. ഇന്നലെയാണ് ഗായികയ്ക്ക് നോട്ടീസ് കൈമാറിയതെന്ന് പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് രാജ്കുമാർ ശർമ്മ അറിയിച്ചു.
തന്റെ വസതിയിൽ പോലീസ് എത്തിയ വിവരം നേഹ സിംഗ് റാത്തോഡ് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തുവിട്ടത്. സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഗായിക, തന്നെ ഉപദ്രവിക്കാൻ കാണിക്കുന്ന വേഗത പട്‌നയിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കുറിച്ചു. ‘പെൺമക്കളെ ഇങ്ങനെയാണോ സംരക്ഷിക്കുന്നത്? നാണക്കേട്’ എന്നും അവർ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
നേരത്തെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലും ലഖ്‌നൗ പോലീസ് നേഹയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ട് ജനുവരി 7ന് സുപ്രീം കോടതിയിൽ നിന്ന് ഇവർക്ക് ഇടക്കാല സംരക്ഷണം ലഭിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് വാരണാസി പോലീസിന്റെ തീരുമാനം.