‘കാന്താര’യിലെ ദൈവത്തെ പരിഹസിച്ചു; രൺവീർ സിങ്ങിനെതിരെ കേസ്
ബെംഗളൂരു: തീരദേശ കർണാടകയിലെ പവിത്രമായ ദൈവക്കോലത്തെ പരിഹസിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ ബെംഗളൂരുവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’യിലെ ദൈവ രൂപത്തെ അനുകരിക്കുകയും ചാവുണ്ടി ദൈവത്തെ ‘സ്ത്രീ പ്രേതം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് നടപടി.
ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 196, 299, 302 എന്നീ വകുപ്പുകൾ പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുതു. ബെംഗളൂരു സ്വദേശിയായ അഭിഭാഷകൻ പ്രശാന്ത് മേത്തൽ നൽകിയ പരാതിയെത്തുടർന്ന് കോടതി ഉത്തരവ് പ്രകാരമാണ് പോലീസ് നടപടി.
2025 നവംബറിൽ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFI) സമാപന ചടങ്ങിലാണ് വിവാദ സംഭവം നടന്നത്. വേദിയിൽ വച്ച് ‘കാന്താര’യിലെ പ്രകടനത്തെക്കുറിച്ച് സംസാരിക്കവെ, ചാവുണ്ടി ദൈവത്തെ രൺവീർ സ്ത്രീ പ്രേതം എന്ന് വിശേഷിപ്പിക്കുകയും അപഹാസ്യമായ രീതിയിൽ ദൈവക്കോലത്തെ അനുകരിക്കുകയും ചെയ്തു. തീരദേശ കർണാടകയുടെ കാവൽ ദേവതയെ പ്രേതമെന്ന് വിളിച്ചത് വിശ്വാസികളെയും പാരമ്പര്യത്തെയും അപമാനിക്കലാണെന്ന് പരാതിയിൽ പറയുന്നുണ്ട്.
സംഭവം വിവാദമായതോടെ താൻ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തോടുള്ള ആരാധന കൊണ്ടാണ് അത് ചെയ്തതെന്നും ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞ് രൺവീർ മുൻപ് ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ, ഇത്തരത്തിൽ അനുകരിക്കരുതെന്ന ഋഷഭ് ഷെട്ടിയുടെ മുൻപുള്ള അഭ്യർത്ഥന തള്ളിക്കളഞ്ഞാണ് രൺവീർ പ്രവർത്തിച്ചതെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. കേസിൽ ഏപ്രിൽ 8ന് കോടതി വാദം കേൾക്കും.