വോട്ട് വെട്ടൽ പാളി; പത്മശ്രീ ജേതാവ് മിർ ഹാജിഭായിയെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാനുള്ള നീക്കം പിൻവലിച്ച് ബിജെപി
അഹമ്മദാബാദ്: പത്മശ്രീ പുരസ്‌കാര ജേതാവായ ഇതിഹാസ ധോലക് കലാകാരൻ ഹാജി രാമക്ഡുവിനെ (മിർ ഹാജിഭായ് കസംഭായ്) വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാനുള്ള ബിജെപി നേതാവിന്റെ നീക്കം വിവാദമായതോടെ പരാജയപ്പെട്ടു. ജുനഗഢ് മുനിസിപ്പൽ കോർപ്പറേഷനിലെ ബിജെപി കോർപ്പറേറ്റർ സഞ്ജയ് മൻവാരയാണ് ഹാജിഭായിയുടെ പേര് വെട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്. എന്നാൽ, ഇതിന് പിന്നാലെ ഹാജിഭായിയെ തേടി രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നായ പത്മശ്രീ എത്തിയത് ബിജെപി നേതാവിന് തിരിച്ചടിയായി.
ഈ മാസം 13നായിരുന്നു ഹാജിഭായ് സ്ഥലത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മൻവാര ഫോം 7 സമർപ്പിച്ചത്. കഴിഞ്ഞ 60 വർഷമായി ഇതേ വാർഡിൽ താമസിക്കുന്ന തന്നെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം അസ്വസ്ഥനാക്കിയെന്ന് 74കാരനായ ഹാജിഭായ് പ്രതികരിച്ചു. സംഭവം വിവാദമായതോടെ, പേര് വെട്ടാനുള്ള നീക്കം വ്യക്തിപരമായ ആക്രമണമല്ലെന്നും വോട്ടർ പട്ടികയിലെ പേരിന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് പരാതി നൽകിയതെന്നുമുള്ള ന്യായീകരണവുമായി ബിജെപി കോർപ്പറേറ്റർ രംഗത്തെത്തി.
സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഒരു വശത്ത് പത്മശ്രീ നൽകി ആദരിക്കുകയും മറുവശത്ത് വോട്ടവകാശം നിഷേധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യത്തിനകത്തും പുറത്തുമായി മൂവായിരത്തിലധികം വേദികളിൽ ധോലക് വിസ്മയം തീർത്ത ഹാജിഭായിയെ അപമാനിച്ച ബിജെപി നേതാവിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.