07/03/2026
[fontresizer_tawhidurrahmandear_widget]

AIDWA സമ്മേളനത്തിൽ ബേനസീർ ഭൂട്ടോ സ്‌ക്വയർ; പാക് മുൻ പ്രധാനമന്ത്രിയെ വീരവനിതയായി ആഘോഷിച്ച് സിപിഎം മഹിളാ അസോസിയേഷൻ-തിരിഞ്ഞുകൊത്തി പഴയ ചിത്രം

 AIDWA സമ്മേളനത്തിൽ ബേനസീർ ഭൂട്ടോ സ്‌ക്വയർ; പാക് മുൻ പ്രധാനമന്ത്രിയെ വീരവനിതയായി ആഘോഷിച്ച് സിപിഎം മഹിളാ അസോസിയേഷൻ-തിരിഞ്ഞുകൊത്തി പഴയ ചിത്രം

AIDWA സമ്മേളനത്തില്‍ സ്ഥാപിച്ച ബേനസീര്‍ ഭൂട്ടോയുടെ ചിത്രമടങ്ങിയ സ്ക്വയര്‍

തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം വിവാദമാക്കിയ സിപിഎമ്മിനെ തിരിഞ്ഞുകൊത്തി പഴയ ചിത്രം. പാക് ഭരണാധികാരിയുടെ ചിത്രം അബദ്ധത്തിൽ ഉപയോഗിച്ചതിനെ രാജ്യസ്നേഹം മുൻനിർത്തി എസ്എഫ്ഐ ചോദ്യം ചെയ്തതോടെ, 2023-ൽ സിപിഎമ്മിന്റെ മഹിളാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ(AIDWA) പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ പേരിൽ സ്‌ക്വയർ നിർമിച്ച സംഭവം കുത്തിപ്പൊക്കുകയായിരുന്ന സോഷ്യൽ മീഡിയ.

എംഎസ്എഫ് വീഡിയോയിലെ എഡിറ്റിങ് പിഴവ് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നേതാക്കൾ ഉന്നയിച്ച വിമർശനങ്ങളാണ് ഇപ്പോൾ പഴയ ‘ബേനസീർ ഭൂട്ടോ സ്‌ക്വയർ’ വിവാദത്തിലൂടെ എസ്എഫ്ഐക്ക് തന്നെ തിരിച്ചടിയാകുന്നത്. മതരാഷ്ട്രവാദം ഉയർത്തുന്ന, ഇന്ത്യയുടെ ശത്രുരാജ്യത്തിന്റെ തലവനെ ഹീറോയാക്കുന്നത് ആർഎസ്എസ് അജണ്ടകൾക്ക് വളമാകുമെന്നും, ഇത് ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ തെളിവാണെന്നും എസ്എഫ്ഐ ആരോപിച്ചിരുന്നു.

എസ്എഫ്ഐയുടെ ഈ വിമർശനത്തെയാണ് 2023 ജനുവരിയിലെ സംഭവം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ പൊളിച്ചടുക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പാളയത്ത് ‘ബേനസീർ ഭൂട്ടോ സ്‌ക്വയർ’ സ്ഥാപിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് തൊട്ടടുത്തായിരുന്നു പാക് മുൻ പ്രധാനമന്ത്രിയുടെ ചിത്രം വെച്ചുള്ള ഈ സ്‌ക്വയർ.

ഇന്ത്യക്കെതിരെ ആയിരം വർഷത്തെ യുദ്ധം പ്രഖ്യാപിച്ച, കാശ്മീർ വിഷയത്തിലടക്കം ഇന്ത്യവിരുദ്ധ നിലപാട് സ്വീകരിച്ച ബേനസീർ ഭൂട്ടോയെ ‘വീരവനിത’യായി സിപിഎം സംഘടന ആദരിച്ചപ്പോൾ എസ്എഫ്ഐയുടെ രാജ്യസ്നേഹം എവിടെയായിരുന്നുവെന്നാണ് എംഎസ്എഫ് പ്രവർത്തകർ ചോദിക്കുന്നത്. എസ്എഫ്ഐയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണ് സോഷ്യൽ മീഡിയ.

‘ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്നു, ശത്രുരാജ്യത്തിന്റെ ഭരണാധികാരിയെ ഉൾപ്പെടുത്തുന്നത് ശരിയല്ല എന്ന എസ്എഫ്ഐ വിമർശനം ഉൾക്കൊള്ളുന്നു. എന്നാൽ ഇന്ത്യയോട് യുദ്ധം പ്രഖ്യാപിച്ച അതേ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയുടെ പേരിൽ സ്‌ക്വയർ സ്ഥാപിച്ചത് എങ്ങനെ ന്യായീകരിക്കും? ബേനസീർ ഭൂട്ടോയെ ‘ഐക്കണിക് ലീഡർ’ ആയി അവതരിപ്പിച്ചപ്പോൾ പാക് മന്ത്രി ഷെറി റഹ്മാൻ സിപിഎമ്മിനെ പ്രശംസിച്ചതും ചരിത്രമാണ്.’-ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ.

അന്ന് ബിജെപി ഈ സ്‌ക്വയറിനെതിരെ രംഗത്ത് വരികയും, പാക് നേതാവിന്റെ ചിത്രം വെച്ചത് രാജ്യദ്രോഹമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് സിപിഎം നേതൃത്വം ചിത്രം നീക്കം ചെയ്യാൻ നിർബന്ധിതരാകുകയായിരുന്നു. ഒരു എഡിറ്റിങ് പിഴവിന്റെ പേരിൽ എംഎസ്എഫിനെതിരെ എസ്എഫ്ഐ ഉയർത്തിയ ദേശീയതാ ആയുധം, സ്വന്തം പാർട്ടിയുടെ പഴയ പ്രവൃത്തികളെ തിരിഞ്ഞുകുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

Also read: