02/03/2026
[fontresizer_tawhidurrahmandear_widget]

‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ.. എന്നു പറഞ്ഞിട്ട് എവിടെപ്പോയി!’-സുരേഷ് ഗോപിയുടെ പ്രഖ്യാപനങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

 ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ.. എന്നു പറഞ്ഞിട്ട് എവിടെപ്പോയി!’-സുരേഷ് ഗോപിയുടെ പ്രഖ്യാപനങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ന്യൂഡൽഹി/തിരുവനന്തപുരം: 2026-27 കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധവും ട്രോളുകളും. മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും പൊതുവേദികളിലും സുരേഷ് ഗോപി നടത്തിയ ‘എയിംസ് വരും മറ്റേ മോനേ..’ എന്ന വൈറൽ പ്രസ്താവന കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയ വിമർശനം ഉന്നയിക്കുന്നത്.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് പ്രഖ്യാപനം ഇത്തവണയും ബജറ്റിലുണ്ടായില്ല. സംസ്ഥാനം സ്ഥലം കണ്ടെത്തി നൽകിയിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന ആരോപണം. കിനാലൂരിൽ സ്ഥലം കണ്ടെത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ബജറ്റ് പ്രഖ്യാപനത്തിനുശേഷം വ്യവസായ പി. രാജീവ് പ്രതികരിച്ചു.

‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ.. എന്നു പറഞ്ഞിട്ട് എവിടെപ്പോയി!’ എന്ന ചോദ്യവുമായി നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കിലും എക്‌സിലും ഇൻസ്റ്റഗ്രാമിലുമെല്ലാം നിറയുന്നത്. ആലപ്പുഴയിലും തൃശൂരിലുമെല്ലാം എയിംസ് വരുമെന്ന് സുരേഷ് ഗോപി പലപ്പോഴായി പറഞ്ഞ പ്രഖ്യാപനങ്ങൾ കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയ.

അതിവേഗ റെയിൽ ഇടനാഴികളിലും കേരളത്തെ തഴഞ്ഞതോടെ ‘അവഗണനയുടെ ബജറ്റ്’ എന്ന ഹാഷ്ടാഗുകളും ട്രെൻഡിങ്ങായി. നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ കേരളത്തിന് വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയം സ്വന്തമാക്കിയ തിരുവനന്തപുരത്തിന് പോലും ബജറ്റിൽ ഒരു പരിഗണനയും കിട്ടിയിട്ടില്ല. കേരളത്തിന്റെ അടിസ്ഥാന വികസന ആവശ്യങ്ങളോട് കേന്ദ്രം പുറംതിരിഞ്ഞു നിൽക്കുന്നു എന്നാണ് വിമർശനം.

ധാതുമണൽ ഇടനാഴിയും കടലാമ സംരക്ഷണ കേന്ദ്രവും മാത്രം നൽകി കേരളത്തെ ഒതുക്കിയെന്നാണ് ട്രോളന്മാർ പരിഹസിക്കുന്നത്. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിട്ടും കേരളത്തിന് അർഹമായത് നേടിയെടുക്കാൻ സാധിക്കുന്നില്ലെന്ന് രാഷ്ട്രീയ എതിരാളികളും ആരോപിക്കുന്നു.

Also read: