‘ഇസ്രയേലിലെ പാട്ടും ആട്ടവും എന്തിന്; എപ്സ്റ്റീനോട് മോദി തേടിയ ഉപദേശം എന്ത്?’- ചോദ്യങ്ങളുമായി കോൺഗ്രസ്, വെറും ജൽപനങ്ങളെന്ന് തള്ളി കേന്ദ്രം
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തൽ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും കടന്നുവന്നത് ഇന്ത്യയിൽ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തോളം പേജുകൾ വരുന്ന രേഖകളിലാണ് മോദിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുള്ളത്. ‘ദേശീയ നാണക്കേട്’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഒരു ക്രിമിനലിന്റെ അടിസ്ഥാനരഹിതമായ ജൽപനങ്ങൾ മാത്രമാണിതെന്നു പറഞ്ഞ് ആരോപണങ്ങൾ തള്ളിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
എന്താണ് എപ്സ്റ്റീൻ രേഖകളിലെ മോദി പരാമർശം?
2017 ജൂലൈയിൽ നരേന്ദ്ര മോദി നടത്തിയ ചരിത്രപരമായ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ച് എപ്സ്റ്റീൻ അയച്ച ഇമെയിലുകളാണ് പ്രധാനമായും വിവാദത്തിലായിരിക്കുന്നത്. ‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശം സ്വീകരിക്കുകയും ഇസ്രയേലിൽ ചെന്ന് ആടുകയും പാടുകയും ചെയ്തു. അതെല്ലാം അമേരിക്കൻ പ്രസിഡന്റിന്റെ(ട്രംപ്) ഗുണത്തിനു വേണ്ടിയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. അത് ഫലം കണ്ടു,’-എപ്സ്റ്റീൻ ഒരാൾക്ക് അയച്ച സന്ദേശത്തിൽ പറയുന്ന മോദിയെക്കുറിച്ചുള്ള പരാമർശം ഇങ്ങനെയാണ്.
മോദിയുടെ വിദേശനയങ്ങളിൽ എപ്സ്റ്റീൻ സ്വാധീനം ചെലുത്തിയോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഇതു ചൂണ്ടിക്കാട്ടി ഉയർത്തുന്നത്. മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെ താൽപര്യം എന്തായിരുന്നു, ഇന്ത്യയ്ക്കു വേണ്ടിയായിരുന്നോ, അതോ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നോ എന്നു തുടങ്ങുന്ന ചോദ്യങ്ങളും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
പ്രധാനമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ്, 2019 മെയ് 24-ന് എപ്സ്റ്റീനും ട്രംപിന്റെ തന്ത്രജ്ഞനായിരുന്ന സ്റ്റീവ് ബാനനും തമ്മിൽ നടന്ന സന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് എപ്സ്റ്റീൻ പരാമർശിക്കുന്നു. അത് ഇങ്ങനെയാണ്:
”മോദിയുമായുള്ള കൂടിക്കാഴ്ച രസകരമായിരുന്നു. വലിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. വാഷിങ്ടണിൽ ആരും മോദിയോട് സംസാരിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതിനിധി പറഞ്ഞത്.
എങ്കിലും ചൈനയും അവരുടെ മേഖലയിലെ നിഴൽസഖ്യമായ പാകിസ്താനുമാണ് അദ്ദേഹത്തിന്റെ പ്രധാന ശത്രു. 22ന് അവർ ജി20ക്ക് ആതിഥ്യം വഹിക്കാനിരിക്കുകയാണ്.”
പ്രമുഖ വ്യവസായി അനിൽ അംബാനി എപ്സ്റ്റീനുമായി ബന്ധപ്പെട്ടതായും രേഖകൾ സൂചിപ്പിക്കുന്നു. ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറെ കാണാൻ അംബാനി എപ്സ്റ്റീന്റെ സഹായം തേടിയെന്നും, 2019-ൽ ഇവർ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രധാനമന്ത്രി ട്രംപിനെ കാണാൻ വാഷിങ്ടണിൽ വരുന്നുണ്ടെന്ന കാര്യവും ഈ സന്ദേശത്തിൽ അനിൽ അംബാനി ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതിപക്ഷത്തിന്റെ കടന്നാക്രമണം
എപ്സ്റ്റീൻ രേഖകളിൽ മോദിയെക്കുറിച്ചുള്ള പരാമർശങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ് വക്താവ് പവൻ ഖേഡ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘പ്രധാനമന്ത്രി മോദിക്ക് എത്തരത്തിലുള്ള ക്രിമിനലുകളുമായാണ് ബന്ധമുള്ളതെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. വിദേശ ഇടപെടലുകൾക്ക് മോദി വഴങ്ങുന്നു എന്നതിന്റെ തെളിവാണിത്.’-കെ.സി വേണുഗോപാൽ വിമർശിച്ചു.
അക്കമിട്ടു നിരത്തിയാണ് പവൻ ഖേഡയുടെ ചോദ്യങ്ങൾ. അവ ഇങ്ങനെയാണ്:
ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയിൽനിന്ന് എന്ത് ഉപദേശമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്? അമേരിക്കൻ പ്രസിഡന്റിന് വേണ്ടി ഇസ്രയേലിൽ ‘നൃത്തം ചെയ്യാനും പാടാനുമുള്ള’ നിർദേശം എന്തിനായിരുന്നു?
2017-ൽ വ്യവസായി അനിൽ അംബാനി എന്തിനാണ് എപ്സ്റ്റീന്റെ സഹായം തേടിയത്? ഔദ്യോഗിക നയതന്ത്ര ചാനലുകളും അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും നിലവിലിരിക്കെ, അംബാനി എന്തിനാണ് മോദിയുടെ യുഎസ് സന്ദർശനത്തിനായി എപ്സ്റ്റീനെ ഇടനിലക്കാരനാക്കിയത്?
2019 മെയ് മാസത്തിൽ, രണ്ടാം സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് മോദി ആരെയാണ് എപ്സ്റ്റീനെ കാണാൻ അയച്ചത്? വാഷിങ്ടണിൽ ആരും മോദിയോട് സംസാരിക്കുന്നില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണ്?
ചൈനയാണ് പ്രധാന ശത്രുവെന്ന് എപ്സ്റ്റീനോട് പറഞ്ഞവർ, പിന്നീട് ഗാൽവൻ സംഘർഷത്തിന് ശേഷം ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയത് എന്തുകൊണ്ടാണ്? സ്റ്റീവ് ബാനന്റെ ഏത് വിഷനൊപ്പമാണ് മോദി നിൽക്കുന്നത്?
‘ഇത് വെറും ഗോസിപ്പല്ല, യുഎസ് നീതിന്യായ വകുപ്പ് സാക്ഷ്യപ്പെടുത്തിയ രേഖകളാണ്. പ്രധാനമന്ത്രിയുടെ ഈ വഴിവിട്ട ബന്ധം രാജ്യത്തിന്റെ അന്തസ്സിനെ ആഗോളതലത്തിൽ ബാധിക്കുന്നതാണ്,’ പവൻ ഖേഡ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ മോദിക്കെതിരെ വലിയ രീതിയിലുള്ള ക്യാമ്പയിനുകളാണ് പ്രതിപക്ഷം നടത്തുന്നത്.
സർക്കാർ നിലപാട്
വിദേശകാര്യ മന്ത്രാലയം പുറത്തുവന്ന ആരോപണങ്ങളെ പൂർണമായും തള്ളിയിട്ടണ്ട്. എപ്സ്റ്റീനെപ്പോലൊരു കുറ്റവാളിയുടെ ഭാവനയിൽ വിരിഞ്ഞ കാര്യങ്ങളാണിവയെന്നും ഇതിന് യാതൊരു വിലയും നൽകുന്നില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മോദിയുടെ ഇസ്രയേൽ സന്ദർശനം നയതന്ത്ര വിജയമായിരുന്നുവെന്നും അതിനെ ഇത്തരത്തിൽ വളച്ചൊടിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ബിജെപി അനുകൂലികൾ വാദിക്കുന്നു.
ബിൽ ക്ലിന്റൺ, പ്രിൻസ് ആൻഡ്രൂ തുടങ്ങിയ പ്രമുഖരുടെ പേരുകൾ നേരത്തെ എപ്സ്റ്റീൻ രേഖകളിൽ വന്നിട്ടുണ്ടെങ്കിലും, ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കപ്പെടുന്നത് ഇതാദ്യമാണ്. ഇത് വരും ദിവസങ്ങളിൽ പാർലമെന്റിലും തെരുവിലും വലിയ ചർച്ചകൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.