തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനർജി സുപ്രീം കോടതിയിൽ; എസ്‌ഐആറിൽ തൃണമൂൽ നിയമയുദ്ധത്തിനിറങ്ങുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനയുമായി(എസ്‌ഐആർ) ബന്ധപ്പെട്ട് നിയമയുദ്ധം കടുപ്പിച്ച് തൃണമൂൽ കോൺഗ്രസ്. എസ്‌ഐആറിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ ഹരജി നൽകി. നിലവിൽ സംസ്ഥാനത്ത് നടന്നുവരുന്ന വോട്ടർ പട്ടിക തീവ്ര പരിശോധനാ നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ നേതാവ് റിട്ട് ഹരജി സമർപ്പിച്ചത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറെയും എതിർകക്ഷികളാക്കിയാണ് ഹരജി ഫയൽ ചെയ്തത്. വോട്ടർ പട്ടിക പുതുക്കലിനായി സ്വീകരിച്ചിരിക്കുന്ന പ്രത്യേക രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമപരമായ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് നടപടികൾ മുന്നോട്ടുപോകുന്നതെന്നും മമത ആരോപിക്കുന്നു.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വൈകീട്ട് മമത ബാനർജി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് വീണ്ടും കത്തയച്ചിരുന്നു. വോട്ടർ പട്ടിക തീവ്ര പരിശോധനാ പ്രക്രിയ ജനങ്ങൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നതെന്നും ഈ നടപടികൾക്കിടെ ഇതുവരെ 140 ഓളം മരണങ്ങൾ സംഭവിച്ചതായും കത്തിൽ മമത ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശങ്ങളോ മാനുഷിക പരിഗണനയോ ഇല്ലാതെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കമെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി വോട്ടർ പട്ടിക തീവ്ര പരിശോധനാ പ്രക്രിയ നിരീക്ഷിക്കാൻ പശ്ചിമ ബംഗാളിൽ മാത്രം 8,100 മൈക്രോ ഒബ്സർവർമാരെ വിന്യസിച്ചതിനെയും അവർ ചോദ്യം ചെയ്തു. കൃത്യമായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത ഇത്തരം നിരീക്ഷകരെ ഏകപക്ഷീയമായാണ് കമ്മീഷൻ നിയമിച്ചിരിക്കുന്നത്. അർധ-ജുഡീഷ്യൽ സ്വഭാവമുള്ള ഇത്രയും സുപ്രധാനമായ ഒരു പ്രക്രിയയിൽ ഇത്തരം നിയമനങ്ങൾ ദുരൂഹമാണെന്നും മമത ബാനർജി ആരോപിച്ചു.
വോട്ടർ പട്ടിക പുതുക്കുന്നതിന്റെ പേരിൽ വോട്ടർമാരെ പീഡിപ്പിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രധാന പരാതി. വരും ദിവസങ്ങളിൽ സുപ്രീം കോടതി തൃണമൂലിന്റെ ഹരജി പരിഗണിക്കും.