‘എക്‌സ്’ പാരീസ് ആസ്ഥാനത്ത് റെയ്ഡ്, മസ്‌കിനോട് നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് അധികൃതർ
പാരീസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ന്റെ ഫ്രഞ്ച് ആസ്ഥാനത്ത് പാരീസ് സൈബർ ക്രൈം യൂണിറ്റും യൂറോപോളും ചേർന്ന് മിന്നൽ റെയ്ഡ് നടത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, വഞ്ചനാപരമായ ഡാറ്റാ ശേഖരണം, അൽഗോരിതങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പിന്നാലെ പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്‌കിനോടും മുൻ സി.ഇ.ഒ ലിൻഡ യാക്കറിനോയോടും നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഏപ്രിൽ മാസത്തിൽ ചോദ്യം ചെയ്യലിനായി ഇവർ ഹാജരാകണം.
എക്‌സിന്റെ നിർമ്മിത ബുദ്ധി (AI) ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ (Grok) വഴി വസ്ത്രം ധരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വ്യാജ നഗ്‌നചിത്രങ്ങൾ (Deepfakes) നിർമ്മിക്കുന്നുവെന്ന പരാതി അന്വേഷണത്തെ ഗൗരവകരമാക്കിയിട്ടുണ്ട്. കൂടാതെ, വംശഹത്യയെ ന്യായീകരിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ഗ്രോക്ക് വഴി പ്രചരിക്കുന്നുവെന്നും അന്വേഷണ സംഘം ആരോപിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനിടയിലാണ് ഈ നീക്കം.
അതേസമയം, റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും എക്‌സ് അധികൃതർ പ്രതികരിച്ചു. സ്‌പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി മസ്‌ക് നിലനിൽക്കുന്ന തർക്കങ്ങളുടെ തുടർച്ചയാണിതെന്ന് കമ്പനി അവകാശപ്പെട്ടു.