02/03/2026
[fontresizer_tawhidurrahmandear_widget]

20 വർഷത്തിനിടെ ആദ്യം; മോദിയുടെ മറുപടിയില്ലാതെ ലോക്‌സഭയിൽ നന്ദിപ്രമേയം പാസാക്കി

 20 വർഷത്തിനിടെ ആദ്യം; മോദിയുടെ മറുപടിയില്ലാതെ ലോക്‌സഭയിൽ നന്ദിപ്രമേയം പാസാക്കി

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം അനിയന്ത്രിതമായതോടെ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം പാസാക്കി. 2004ന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം സഭ അംഗീകരിക്കുന്നത്. ഇന്നലെ മറുപടി നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ തടസ്സപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ സഭ സമ്മേളിച്ചെങ്കിലും ഒരു മിനിറ്റിനുള്ളിൽ തന്നെ സ്പീക്കർ ഓം ബിർള നന്ദിപ്രമേയം വായിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു.

വൈകുന്നേരം അഞ്ച് മണിക്ക് സഭ സമ്മേളിച്ചയുടൻ കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്. ബജറ്റ് സമ്മേളനത്തിനിടെ എട്ട് കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷത്തുനിന്നുള്ള വനിതാ എംപിമാർ പ്രധാനമന്ത്രിയുടെ ഇരിപ്പിടം ഉൾപ്പെടെയുള്ള ട്രഷറി ബെഞ്ചുകൾ ഉപരോധിക്കുകയും ‘ശരിയായത് ചെയ്യുക’ എന്നെഴുതിയ വലിയ ബാനറുകൾ ഉയർത്തുകയും ചെയ്തു. ഇതോടെ ആക്ടിങ് സ്പീക്കർ സന്ധ്യ റായ് സഭാ നടപടികൾ നിർത്തിവച്ചിരുന്നു.

പ്രധാനമന്ത്രി സത്യത്തെ നേരിടാൻ ഭയപ്പെടുകയാണെന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. കിഴക്കൻ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ നരവാനെ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ പുസ്തകം സഭയിൽ വച്ച് പ്രധാനമന്ത്രിക്ക് സമ്മാനിക്കാൻ താൻ ഉദ്ദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷത്തിന്റേത് ബാലിശമായ പെരുമാറ്റമാണെന്ന് കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്ങും ചിരാഗ് പാസ്വാനും കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ബഹളം കാരണം മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും പ്രാദേശിക പാർട്ടികൾക്കും തങ്ങളുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ലെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. ഗാൽവാൻ വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ പാർലമെന്ററി മര്യാദകളുടെ ലംഘനമാണെന്ന് സ്പീക്കർ ഓം ബിർളയും നേരത്തെ നിരീക്ഷിച്ചിരുന്നു. സസ്‌പെൻഷൻ നടപടികളെച്ചൊല്ലിയുള്ള തർക്കം സഭയിൽ ഭരണപ്രതിപക്ഷ പോര് അത്യന്തം രൂക്ഷമാക്കിയിരിക്കുകയാണ്.

Also read: