21/04/2026
[fontresizer_tawhidurrahmandear_widget]

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; വിവാഹക്കത്തും സാരിയും കാമുകനെ കാണിച്ചു; ബോഡി ബിൽഡർ ജീവനൊടുക്കി

 മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; വിവാഹക്കത്തും സാരിയും കാമുകനെ കാണിച്ചു; ബോഡി ബിൽഡർ ജീവനൊടുക്കി

ബെംഗളൂരു: മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്തയറിഞ്ഞതിന് പിന്നാലെ 26കാരനായ യുവാവ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രാദേശിക ജിമ്മിലെ ട്രെയിനറും ബോഡി ബിൽഡറുമായ കിരൺ ആണ് മരിച്ചത്.

തന്റെ വിവാഹം നിശ്ചയിച്ച വിവരം യുവതി തന്നെയാണ് കിരണിനെ അറിയിച്ചത്. വിവാഹ ക്ഷണക്കത്തും പുത്തൻ സാരിയും യുവതി കിരണിനെ കാണിച്ചതായും ഇത് യുവാവിനെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും പോലീസ് പറയുന്നു. ഇന്നലെ വീട്ടിലെത്തിയ കിരൺ മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കിരണിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

വാലന്റൈൻസ് ഡേ പ്രമാണിച്ച് കാമുകിക്കായി പ്രത്യേക സമ്മാനം കിരൺ കരുതിയിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. യുവതി തന്റെ മകനെ വൈകാരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയായിരുന്നുവെന്ന് കിരണിന്റെ മാതാപിതാക്കൾ ആരോപിച്ചു. കുടുംബം എടുത്ത 50 ലക്ഷം രൂപയുടെ കടം വീട്ടാൻ കിരൺ സഹായിക്കാമെന്ന് യുവതിക്ക് വാഗ്ദാനം നൽകിയിരുന്നതായും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Also read: