നെതന്യാഹുവിനെ തല്ലി മകൻ യായര്‍, പിന്നാലെ മയാമിയിലേക്ക് ‘നാടുകടത്തി’; വെളിപ്പെടുത്തലുമായി മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ
ബെഞ്ചമിന്‍ നെതന്യാഹു, മകന്‍ യായര്‍
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സ്വന്തം മകൻ യായർ നെതന്യാഹു ശാരീരികമായി മർദിച്ചെന്നു വെളിപ്പെടുത്തലുമായി മുൻ സുരക്ഷാ വിഭാഗം തലവൻ. ഈ സംഭവത്തെ തുടർന്നാണു മകനെ അമേരിക്കയിലെ മയാമിയിലേക്ക് മാറ്റിയതെന്നും വെളിപ്പെടുത്തൽ. നെതന്യാഹുവിന്റെ സുരക്ഷാ വിഭാഗത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന അമി ഡ്രോർ ആണ് ‘മാരിവ്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഈ സ്‌ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവിട്ടത്.
നെതന്യാഹുവും മകൻ യായറും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. തർക്കത്തിനിടെ യായർ പിതാവിനെ മർദിച്ചു. ഇത് തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും യായർ ആക്രമിച്ചതായി അമി ഡ്രോർ പറയുന്നു. ‘അതൊരു വല്ലാത്ത സാഹചര്യമായിരുന്നു. ഒരു ഭരണാധികാരിയെ സ്വന്തം കുടുംബാംഗം തന്നെ ആക്രമിക്കുന്ന അവസ്ഥ. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബലം പ്രയോഗിച്ച് ഇടപെടേണ്ടി വന്നു,’ ഡ്രോർ പറഞ്ഞു.
ഗസ്സയിൽ യുദ്ധം ആരംഭിച്ച 2023-ലാണ് യായർ ഇസ്രയേൽ വിട്ട് മിയാമിയിലെ ആഡംബര വസതിയിലേക്ക് മാറിയത്. സ്വന്തം നാട്ടിലെ യുവാക്കൾ യുദ്ധമുഖത്ത് മരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ മകൻ സുഖജീവിതം നയിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. യായറിന്റെ സുരക്ഷയ്ക്കായി മാത്രം സർക്കാർ ഖജനാവിൽനിന്ന് വർഷം തോറും ഏഴു ലക്ഷം ഡോളർ (ഏകദേശം 5.8 കോടി രൂപ) ചെലവാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത്രയും തുക ചെലവിട്ട് യായറിനെ അമേരിക്കയിൽ താമസിപ്പിച്ചതിനു പിന്നിലെ രഹസ്യങ്ങളാണ് ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെതിരേയും ഗുരുതര ആരോപണങ്ങളാണ് മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ ഉന്നയിക്കുന്നത്. സാറയ്ക്ക് ‘ക്ലെപ്‌റ്റോമാനിയ’ (മോഷ്ടിക്കാനുള്ള ത്വര) എന്ന മാനസിക പ്രശ്‌നമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഹോട്ടലുകളിൽനിന്ന് ടവലുകളും, പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഔദ്യോഗിക സമ്മാനങ്ങളും അവർ മോഷ്ടിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
നെതന്യാഹുവിന് ആദ്യ ഭാര്യയിലുള്ള മകൾ നോവയുമായുള്ള ബന്ധം വിച്ഛേദിക്കാൻ സാറ നിർബന്ധിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്. സാറയറിയാതെ രഹസ്യമായാണ് നെതന്യാഹു മകളെ കണ്ടിരുന്നത്. ‘ഒരു രഹസ്യ ഓപറേഷൻ പോലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പലപ്പോഴും അച്ഛനെയും മകളെയും ഞങ്ങൾ കണ്ടുമുട്ടിച്ചിരുന്നത്,’ ഡ്രോർ പറഞ്ഞു.
ധാർമികമായി അധഃപതിച്ച വ്യക്തിയാണ് നെതന്യാഹു എന്ന് അമി ഡ്രോർ വിശേഷിപ്പിച്ചു. ഹോട്ടലുകളിൽ ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇറങ്ങിപ്പോകുന്ന ശീലം നെതന്യാഹുവിനുണ്ടെന്നും, പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരോ സഹായികളോ ആണ് ബില്ല് അടയ്ക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിയും രാജ്യദ്രോഹവും കണക്കിലെടുത്ത് നെതന്യാഹുവിനെ ജയിലിലടയ്ക്കണമെന്നും, രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബന്ദികളെ മോചിപ്പിക്കാനുള്ള കരാറുകൾ അദ്ദേഹം വൈകിപ്പിച്ചെന്നും ഡ്രോർ ആരോപിച്ചു.