‘സംസാരിച്ചതിൽ തെറ്റുപറ്റി, എല്ലാവരും കളിയാക്കുന്നു, അതുകൊണ്ട് മറ്റെന്തെങ്കിലും പണിക്കു പോകാമെന്ന് വിചാരിക്കാനും പറ്റില്ല’ -ജയറാം
ജയറാം
കൊച്ചി: അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്നുവരുന്ന കടുത്ത ട്രോളുകളോടും പരിഹാസങ്ങളോടും തുറന്നുപറച്ചിലുമായി പ്രിയ നടൻ ജയറാം. താൻ സംസാരിച്ച കാര്യങ്ങളിൽ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ ആർട്ടിഫിഷ്യലായ ഒരു മുഖം ഉണ്ടാക്കി ആളുകളോട് സംസാരിക്കാൻ തനിക്ക് കഴിയില്ലെന്നും താരം വ്യക്തമാക്കി.
“താൻ പറഞ്ഞതിൽ തെറ്റുപറ്റിയിട്ടുണ്ട്. ആർട്ടിഫിഷ്യലായി ഒരു ഫെയ്സ് ഉണ്ടാക്കി ഒരാളോടും സംസാരിക്കാൻ തനിക്ക് പറ്റില്ല. പെട്ടെന്ന് ഇതെല്ലാം മാറ്റി ഗൗരവത്തിൽ സംസാരിക്കാനും എനിക്ക് സാധിക്കില്ല. ട്രോളുകൾ മാക്സിമം വരാതിരിക്കാൻ ശ്രമിക്കാറുണ്ട്. എങ്കിലും ഇപ്പോൾ ഇതെല്ലാം ഒരു തൊഴിലിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എല്ലാവരും കളിയാക്കുന്നു എന്ന് കരുതി മറ്റെന്തെങ്കിലും പണിക്ക് പോകാമെന്ന് വിചാരിക്കാനും കഴിയില്ലല്ലോ. കഴിഞ്ഞ പത്ത് മുപ്പത്തിയെട്ട് വർഷമായി ഞാൻ ചെയ്യുന്ന കാര്യമാണിത്,” ജയറാം വ്യക്തമാക്കി.
ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾ നേരിട്ട നടനാണ് ജയറാം. പ്രത്യേകിച്ച്, സൂപ്പർഹിറ്റ് ചിത്രമായ ‘ട്വന്റി 20’യുടെ ക്ലൈമാക്സ് രംഗത്തിൽ താൻ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് താരം നൽകിയ അഭിമുഖങ്ങളാണ് വലിയ പരിഹാസങ്ങൾക്ക് വഴിവെച്ചത്. രണ്ട് വ്യത്യസ്ത അഭിമുഖങ്ങളിൽ രണ്ട് കാരണങ്ങൾ പറഞ്ഞതാണ് ട്രോളന്മാർ ആഘോഷമാക്കിയത്. ക്ലൈമാക്സ് ഷൂട്ടിങ് സമയത്ത് താൻ ശബരിമലയിൽ പോയതാണെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞ ജയറാം, മറ്റൊരു അഭിമുഖത്തിൽ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷത്തിലായിരുന്നു എന്നാണ് വ്യക്തമാക്കിയത്.
ജയറാമിന്റെ അമിത വിനയത്തെയും പഴയ പ്രസ്താവനകളെയും കുത്തിപ്പൊക്കിക്കൊണ്ട് സോഷ്യൽ മീഡിയയിൽ നിരന്തരമായ ട്രോളുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയിൽ, ജയറാം നന്നായി നുണ പറയുന്ന വ്യക്തിയാണെന്ന് നടൻ ബൈജു തമാശരൂപേണ പറഞ്ഞ പഴയൊരു വീഡിയോയും വലിയ രീതിയിൽ മാധ്യമങ്ങളിൽ തലക്കെട്ടുകളായി മാറിയിരുന്നു. ഇതിനെല്ലാമുള്ള മറുപടിയെന്നോണമാണ് ജയറാം ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.